ആര്യനെ കേസിൽനിന്ന് ഒഴിവാക്കാൻ ഷാരൂഖിന്റെ മാനേജര്‍ 50 ലക്ഷം ഗോസാവിക്ക് കൈമാറി; പിന്നീട് തിരികെനല്‍കി; വാംഖഡെയ്ക്ക് പങ്കില്ലെന്ന് വാദം

മുംബൈ: ആര്യൻ ഖാനെ ലഹരിമരുന്ന് കേസിൽനിന്ന് ഒഴിവാക്കാൻ ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്ലാനി 50 ലക്ഷം രൂപ കെ.പി. ഗോസാവിക്ക് നൽകിയിരുന്നതായി വെളിപ്പെടുത്തൽ. ഗോസാവിയുടെയും പൂജയുടെയും കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായിനിന്ന സാം ഡിസൂസയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗോസാവി പറ്റിക്കുകയാണെന്ന് മനസിലാക്കിയതോടെ താൻ മുൻകൈയെടുത്ത് 50 ലക്ഷം രൂപ പൂജയ്ക്ക് തിരികെ നൽകി. ഈ ഇടപാടിൽ സമീർ വാംഖഡെയ്ക്ക് പങ്കില്ലെന്നും ഒരു ടി.വി. ചാനലിന് നൽകിയ അഭിമുഖത്തിൽ സാം ഡിസൂസ വ്യക്തമാക്കി. നേരത്തെ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകർ സെയിൽ ഉന്നയിച്ച ആരോപണങ്ങളിൽ സാം ഡിസൂസയുടെ പേരും ഉൾപ്പെട്ടിരുന്നു.

ആര്യനെ കേസിൽനിന്നൊഴിവാക്കാൻ സാം ഡിസൂസയും കെ.പി. ഗോസാവിയും തമ്മിൽ 25 കോടിയുടെ ഡീൽ നടന്നതായും ഇതിൽ എട്ട് കോടി സമീർ വാംഖഡെയ്ക്കാണെന്ന് താൻ കേട്ടിരുന്നതായും പ്രഭാകർ സെയിൽ പറഞ്ഞിരുന്നു. പ്രഭാകറിന്റെ ഈ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്.

കൈക്കൂലി ആരോപണം ഉയർന്നതോടെ സമീർ വാംഖഡെയ്ക്കെതിരേ വിജിലൻസ് അന്വേഷണവും ആരംഭിച്ചിരുന്നു. കേസിലെ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കെ.പി. ഗോസാവി ദിവസങ്ങൾക്ക് മുമ്പ് പുണെ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. നേരത്തെ രജിസ്റ്റർ ചെയ്ത ജോലിതട്ടിപ്പ് കേസിലാണ് ഗോസാവി അറസ്റ്റിലായത്. ഇതിനുപിന്നാലെയാണ് ഗോസാവിയുമായി പണമിടപാട് നടത്തിയെന്ന് ആരോപിച്ചിരുന്ന സാം ഡിസൂസ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ആര്യൻ കസ്റ്റഡിയിലായതിന് പിന്നാലെ ഷാരൂഖിന്റെ മാനേജർ പൂജ ദദ്ലാനിയും ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായത് താനാണ്. ഒക്ടോബർ മൂന്നാം തീയതി പുലർച്ചെയായിരുന്നു ഈ കൂടിക്കാഴ്ച. പൂജയും ഭർത്താവും ഗോസാവിയും താനും ലോവർ പരേലിൽവെച്ച് പുലർച്ചെ നാല് മണിയോടെയാണ് കാര്യങ്ങൾ നേരിട്ട് കണ്ട് സംസാരിച്ചത്. തുടർന്ന് താൻ അവിടെനിന്ന് മടങ്ങി.

അല്പസമയത്തിന് ശേഷമാണ് ഗോസാവി പൂജ ദദ്ലാനിയിൽനിന്ന് 50 ലക്ഷം രൂപം വാങ്ങിച്ചെന്ന വിവരമറിയുന്നത്. എന്നാൽ ഗോസാവി തട്ടിപ്പുകാരനാണെന്ന് മനസിലായതോടെ ഈ പണം താൻ മുൻകൈയെടുത്ത് തിരികെ നൽകിയെന്നും സാം ഡിസൂസ പറഞ്ഞു. സമീർ സർ എന്നപേരിൽ ഒരു നമ്പർ ഗോസാവി മൊബൈലിൽ സേവ് ചെയ്തിരുന്നു. ഇത് സമീർ വാംഖഡെയുടെ നമ്പറാണെന്നാണ് പറഞ്ഞിരുന്നത്.

തങ്ങളുടെ മുന്നിൽവെച്ച് ഈ നമ്പറിൽനിന്ന് ഗോസാവിക്ക് കോൾ വരികയും സംസാരിക്കുകയും ചെയ്തു. എന്നാൽ ട്രൂകോളറിൽ പരിശോധിച്ചപ്പോൾ ഇത് ഗോസാവിയുടെ ബോഡിഗാർഡായ പ്രഭാകറിന്റെ നമ്പറാണെന്ന് കണ്ടെത്തി. ഇതോടെ ഗോസാവി പറ്റിക്കുകയാണെന്ന് മനസിലായി. പിന്നീട് ഗോസാവിക്ക് പണം കൈമാറിയെന്ന വിവരമറിഞ്ഞതോടെ മണിക്കൂറുകൾക്കം തന്നെ താൻ സമ്മർദം ചെലുത്തി ഈ പണംതിരികെ നൽകിയെന്നും ഈ ഇടപാടിലൊന്നും സമീർ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാം ഡിസൂസ വിശദീകരിച്ചു.

സമീർ വാംഖഡെയുമായി ബന്ധമുണ്ടെന്ന വ്യാജേന ഗോസാവി പണം തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കപ്പലിലെ ലഹരിപാർട്ടിയെക്കുറിച്ച് തനിക്ക് ഒക്ടോബർ ഒന്നാം തീയതി തന്നെ വിവരം ലഭിച്ചിരുന്നതായും ഡിസൂസ വെളിപ്പെടുത്തി. ഒക്ടോബർ ഒന്നാം തീയതി സുനിൽ പാട്ടീൽ എന്നയാളാണ് കപ്പലിൽ ലഹരിപാർട്ടി നടക്കുമെന്നും ഇക്കാര്യം അറിയിക്കാൻ എൻ.സി.ബി. ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ട് വിളിച്ചത്. തുടർന്ന് താൻ ഗോസാവിയെ വിവരമറിയിക്കുകയായിരുന്നു.

കപ്പലിൽനിന്ന് ആര്യനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഗോസാവി തന്നെ വിളിച്ചിരുന്നു. ആര്യന് മാനേജറുമായി സംസാരിക്കണമെന്നാണ് ഗോസാവി പറഞ്ഞത്. ആര്യനിൽനിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതിനാൽ സഹായിക്കാനാകുമെന്നും പറഞ്ഞു. തുടർന്നാണ് പൂജ ദദ്ലാനിയെ വിളിച്ചുനൽകിയതെന്നും ഡിസൂസ വ്യക്തമാക്കി.

താൻ ലഹരിമരുന്ന് വിതരണക്കാരനായിരുന്നുവെന്ന ആരോപണങ്ങളും സാം ഡിസൂസ നിഷേധിച്ചു. തനിക്ക് അത്തരം ഇടപാടുകളില്ലെന്നും ബിസിനസുകാരനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കിട്ടിയപ്പോൾ എൻ.സി.ബി.യെ അറിയിച്ചിട്ടുണ്ടെന്നും ചില സുഹൃത്തുക്കൾ വഴിയാണ് പൂജ ദദ്ലാനിയെ പരിചയപ്പെട്ടിട്ടുള്ളതെന്നും ഡിസൂസ വ്യക്തമാക്കി.

അതേസമയം, ഡിസൂസയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദേശീയ മാധ്യമങ്ങൾ പൂജ ദദ്ലാനിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല. അഭിമുഖം ചാനലിൽ സംപ്രേഷണം ചെയ്തതിന് പിന്നാലെ സാം ഡിസൂസയുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്.