കൊച്ചി: വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോൻസനെതിരെ ചുമത്തിയ പോക്സോ കേസിലെ മുഖ്യസാക്ഷിയുടെ വൈദ്യപരിശോധനയെ ചൊല്ലി പൊലീസും ഡോക്ടർമാരും കൊമ്പുകോർക്കുന്നു. വൈദ്യപരിശോധനയ്ക്കു മുന്നോടിയായി മുഖ്യസാക്ഷിയായ പെൺകുട്ടിയോടു നിയമപ്രകാരമുള്ള വിവരങ്ങൾ ശേഖരിച്ച രണ്ടു ഡോക്ടർമാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഡോക്ടർമാരെ പ്രതി ചേർത്തിട്ടില്ല. മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം അസി.പ്രഫസർ, ഹൗസ് സർജൻ എന്നിവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. പോക്സോ കേസുകളിലെ പ്രോസിക്യൂഷൻ നടപടികളുടെ വിശ്വാസ്യത അട്ടിമറിക്കുന്ന നടപടിയാണുണ്ടായതെന്നു നിയമവിദഗ്ധർ പറയുന്നു.
ഇത്തരം കേസുകളിൽ അതിജീവിത ഡോക്ടർക്കു നൽകുന്ന മൊഴികൾ പൊലീസിനു നൽകുന്ന മൊഴികളെക്കാൾ തെളിവുമൂല്യമുള്ളതാണ്.സംഭവത്തിലെ മുഖ്യസാക്ഷിയായ പെൺകുട്ടി ഡോക്ടർമാർക്കെതിരെ മൊഴി നൽകിയ സഹചര്യത്തിലാണു ഡോക്ടർമാരുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുന്നതെന്ന് ക്രൈംബ്രാഞ്ച് കേന്ദ്രങ്ങൾ പ്രതികരിച്ചു.
വൈദ്യപരിശോധനയ്ക്കായി പൊലീസ് കൊണ്ടുവന്ന യുവതിയെ മുറിയിൽ പൂട്ടിയിട്ടു ഡോക്ടർമാർ മോശമായി പെരുമാറിയെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നു കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഡോ. എ.കെ. ഉന്മേഷ്, ഡോ. എ.എ. ഫൈസൽ അലി എന്നിവർ പറഞ്ഞു. പീഡനത്തിനിരയായ വ്യക്തിയുടെ സ്വകാര്യത സംരക്ഷിച്ചും അന്യവ്യക്തികളിൽ നിന്ന് അകലം പാലിച്ചും നിയമപരമായി വിവരങ്ങൾ ചേദിച്ചറിയുകയാണ് ഡേക്ടർമാർ ചെയ്തതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.