തിരുവനന്തപുരം: ഇന്ധന വില വര്‍ധനയ്ക്ക് എതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.ഷാഫി പറമ്പിലിൻ്റെ നോട്ടീസിന് നല്‍കിയ മറുപടിയില്‍ കോണ്‍ഗ്രസിന്റെ യുപിഎ സര്‍ക്കാരിനെ പഴിചാരി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രംഗത്ത് വന്നതോടെ ശക്തമായ വാദപ്രതിവാദമാണ് നിയമസഭയ്ക്ക് അകത്ത് നടന്നത്.
ഗൗരവമുള്ള വിഷയമെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബാലഗോപാല്‍ പ്രതികരിച്ചത്. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ 130 കടന്നു. ഇന്ധന വില നിര്‍ണ്ണയ അധികാരം കമ്ബോളത്തിന് വിട്ടുകൊടുത്തത് യുപിഎ സര്‍ക്കാരാണ്. അത് എന്‍ഡിഎ തുടര്‍ന്നു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പങ്കുവെക്കേണ്ടാത്ത നികുതി 31.50 രൂപയാണ്. കേരളത്തില്‍ അഞ്ച് വര്‍ഷമായി നികുതി കൂട്ടിയിട്ടില്ല. കേന്ദ്ര നയത്തിനെതിരെയാണ് അണിചേരേണ്ടതെന്നും മന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി കക്കാന്‍ ഇറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നുവെന്ന് പ്രമേയാവതാരകന്‍ ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. ജനരോഷത്തില്‍ നിന്ന് സംഘപരിവാറിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുത്. ഇപ്പോള്‍ 36 ശതമാനം മാത്രമാണ് അടിസ്ഥാന എണ്ണയുടെ വില. ഇതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തേണ്ട. ഇടതുപക്ഷത്തിന് കേരളത്തിലെ അധികാരം ഏല്‍പ്പിച്ചത് രാജസ്ഥാനില്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കാനല്ല.
ഉമ്മന്‍ചാണ്ടി ഭരിച്ചിരുന്നപ്പോള്‍ 600 കോടിയുടെ അധിക നികുതി വേണ്ടെന്നുവെച്ചു. നികുതി ഭീകരതയാണ് നടക്കുന്നത്. നികുതി തിരുമാനിക്കുന്നത് കമ്പനികളല്ല, സര്‍ക്കാരാണ്. വില നിര്‍ണ്ണയാധികാരം കൈമാറിയെന്നത് കോണ്‍ഗ്രസിനെതിരായ വ്യാജ പ്രചരണമാണ്. യുപിഎ കാലത്ത് പെട്രോളിന് ഈടാക്കിയത് പരമാവധി 9.20 രൂപയും മോദി സര്‍ക്കാര്‍ ഈടാക്കുന്നത് 32.98 രൂപയാണ്. സംസ്ഥാനം നികുതി കുറക്കണം. നികുതി കൊള്ള അംഗീകരിക്കാനാവില്ലെന്നും ഷാഫി വ്യക്തമാക്കി.