ഗോവ: നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയാണ് കോണ്‍ഗ്രസ്. ജനങ്ങള്‍ക്കിടിയിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ച് അവരുടെ വിശ്വാസ്യത നേടിയെടുക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ഗോവയില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റുകയാണ് കോണ്‍ഗ്രസ്. ശനിയാഴ്ച ഗോവയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവും അല്പം വ്യത്യസ്തമായിരുന്നു.
ജനങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷം ജനങ്ങള്‍ക്കിടയില്‍ ഒരാള്‍ എന്നപോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. സ്ട്രീറ്റ് ഫുഡും കഴിച്ച് ടാക്‌സി ബൈക്കില്‍ കയറിയുള്ള യാത്രയ്ക്കും ശേഷമാണ് അദ്ദേഹം മടങ്ങിയത്. ദക്ഷിണ ഗോവയിലെ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷം പനാജി- മര്‍ഗോ ഹൈവേയിലെ ഒരു ഭക്ഷണശാലയില്‍ നിന്നുമാണ് രാഹുല്‍ ആഹാരം കഴിച്ചത്.
റോഡരികിലെ തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിക്കുകയും സമീപത്തുള്ളവരോട് കുശലം ചോദിക്കുകയും ചെയ്തു. രാഹുലിന്റെ പരുമാറ്റം ഗോവയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി. മത്സ്യതൊഴിലാളികളുമായി സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്ത രാഹുല്‍ ഗാന്ധി ഒരു പരിഹാരം കാണാമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കി.
പനാജിയിലെ താലിഗാവോയില്‍ വെച്ചുനടന്ന് പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് രാഹുലിന്റെ ഏകദിന ഗോവന്‍ സന്ദര്‍ശനം അവസാനിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം നിലനില്‍ക്കെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നീങ്ങുക എന്നതാണ് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്.