മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.85 അടിയായി; ആശങ്ക വേണ്ടെന്ന് മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാറില്‍ മൂന്നു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടിട്ടും അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നില്ല. ജലനിരപ്പ് 138 അടിക്ക് മുകളില്‍ തന്നെ തുടരുകയാണ്. 825 ഘന അടി വെള്ളമാണ് സ്പില്‍വേയിലൂടെ പുറത്തേക്ക് വിടുന്നത്. അണക്കെട്ട് തുറന്നതിനാല്‍ ഒന്നര അടിയോളം പെരിയാറില്‍ ജലനിരപ്പുയരുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയത്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തുകയായിരുന്നു. സെക്കന്റില്‍ 23000 ലിറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അണക്കെട്ടിലേക്ക് എത്തുന്ന അളവിനനുസരിച്ച് അണക്കെട്ടിന്റെ പുറത്തേക്ക് ജലം പോകുന്നില്ല.

കേരളത്തിന്റെ നിര്‍ബന്ധപ്രകാരമാണ് മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്താന്‍ തമിഴ്നാട് തയ്യാറായത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന്, പെരിയാറില്‍ ജലനിരപ്പ് ഒന്നരയടി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഒഴുകിയെത്തിയിട്ടും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല.

ഇടുക്കിയില്‍ 2398.26 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് കാര്യമായി ഉയരാത്തതിനാല്‍ ഇടുക്കി ഡാം അടിയന്തിരമായി തുറക്കേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റില്‍ തേക്കടിയില്‍ ക്യാമ്പ് ചെയ്യുകയാണ്.

നിലവില്‍ ആശങ്കയ്ക്കിടയാക്കുന്ന ഘടകങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ റെഡ് അലര്‍ട്ടല്ല ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി അണക്കെട്ടിലും ആശങ്കയ്ക്ക് വകയില്ല. വളരെ ചെറിയ അളവിലുള്ള വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 5000 ഘന അടി ജലം തുറന്നുവിട്ടാല്‍ പോലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പരമാവധി ഒഴുക്കാന്‍ കഴിയുന്നതിലും കുറവ് ജലം മാത്രമാണ് നിലവില്‍ പെരിയാറിലൂടെ ഒഴുകുന്നത്.

സൗഹൃദപരമായ സമീപനമാണ് തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറില്‍ ഞായറാഴ്ചയ്ക്ക് മുമ്പ് 138 അടിയിലെത്തിക്കണം എന്നാണ് സുപ്രീം കോടതി നിര്‍ദേശം. അത് പാലിക്കേണ്ട കടമ തമിഴ്‌നാട് സര്‍ക്കാരിനാണ്. അത് അവര്‍ പാലിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.