ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഗവര്‍ണറായി ശക്തികാന്ത ദാസിനെ മൂന്ന് വര്‍ഷത്തേക്ക് കേന്ദ്രം വീണ്ടും നിയമിച്ചു. പുനര്‍നിയമനം ഡിസംബര്‍ 10 മുതല്‍ ആയിരിക്കും പ്രാബല്യത്തില്‍ വരിക. ആര്‍ബിഐയുടെ 25-ാമത് ഗവര്‍ണറായി 2018 ഡിസംബര്‍ 12-നാണ് ശക്തികാന്ത ദാസ് നിയമിതനായതത്. ഉര്‍ജിത് പട്ടേല്‍ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു നിയമനം.
കേന്ദ്രമന്ത്രിസഭയുടെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി മൂന്ന് വര്‍ഷത്തേക്ക് കൂടി അംഗീകാരം നല്‍കിയതോടെയാണ് ശക്തികാന്ത ദാസ് തന്നെ പ്രസ്തുത സ്ഥാനത്ത് തുടരാനുള്ള തീരുമാനം ഉണ്ടായത്. 1980 ബാച്ച് തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ദാസ്. 2017 മേയില്‍ സാമ്പത്തിക കാര്യ സെക്രട്ടറിയായി വിരമിച്ച അദ്ദേഹം 2016 നവംബറിലെ കറന്‍സി പിന്‍വലിച്ച തീരുമാനത്തിന് ശേഷം സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് ചുക്കാന്‍പിടിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ്. നേരത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അംഗവും ജി 20 യില്‍ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്നു.