റേഷന്‍ കടകളിലൂടെ ഇനി എല്‍പിജി സിലിണ്ടര്‍; നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ റേഷന്‍ കടകളിലൂടെ പാചകവാതക സിലിണ്ടര്‍ വിതരണം ചെയ്യാനുള്ള ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് കിലോയുടെ ചെറിയ എല്‍പിജി സിലിണ്ടറുകള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനുള്ള നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

റേഷന്‍ കടകളുടെ സാമ്പത്തിക സ്ഥിതിമെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളുമായി നടത്തിയ കൂടിയാലോചനയെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച യോഗത്തില്‍ ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷൂ പാണ്ഡെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. സിലിണ്ടര്‍ വിതരണത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങളുമായി സഹകരിക്കുമെന്ന് പെട്രോളിയം മന്ത്രാലയം, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവര്‍ അറിയിച്ചു.

പദ്ധതി നടപ്പിലാക്കിയാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സബ്‌സിഡിയോടെ ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ പദ്ധതിയുട കാര്യക്ഷമതയും ഉറുപ്പുവരുത്താനാകും.

കേരളത്തില്‍ ചെറിയ സിലിണ്ടറുകള്‍ക്ക് വലിയ പ്രചാരം ലഭിച്ചിട്ടില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ ചെറു സിലിണ്ടറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്്. 2.5 കിലോ മുതല്‍ 5 കിലോ വരെയുള്ള സിലിണ്ടറുകള്‍ 250 രൂപ നിരക്കില്‍ വരെ റീഫില്ലിംങിനും സൗകര്യമുണ്ട്.

റേഷന്‍ കടകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് മുദ്രാ വായ്പ പദ്ധതി പ്രകാരം പണം അനുവദിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് 5.32 ലക്ഷം റേഷന്‍ കടകളാണ് ഉള്ളത്. പൊതുവിതരണ ശൃംഖലയെ മെച്ചപ്പെടുത്തുന്നതിനൊപ്പം അതുവഴി കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.