ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന മൂന്ന് ഷട്ടറുകളില്‍ അവസാനത്തേതും അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതോടെയാണ് മൂന്നാമത്തെ ഷട്ടറും അടക്കാന്‍ സംസ്ഥാന റൂള്‍ ലെവല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 19നാണ് ഇടുക്കിയിലെ മൂന്ന് ഷട്ടറുകള്‍ 35 സെന്‍റിമീറ്റര്‍ വീതം തുറന്നത്. മഴ കുറയുകയും പുതിയ റൂള്‍ ലെവല്‍ നിലവില്‍ വരുകയും ചെയ്തതോടെ 22ന് രണ്ട് ഷട്ടറുകള്‍ അടച്ചു.
മൂന്നാമത്തെ ഷട്ടര്‍ 40 സെൻ്റീമീറ്ററാണ് ഉയര്‍ത്തിയിരുന്നത്. ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തിലാണ് ഷട്ടര്‍ അടയ്ക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. ഇത്രയും ദിവസം കൊണ്ട് 46.296 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഷട്ടര്‍ വഴി പുറത്തേക്ക് ഒഴുകിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.6 അടി തുടരുകയാണ്. 142 അടിയാണ് സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. ഇത് 139 അടിയായി താഴ്ത്തണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജലനിരപ്പ് 142 അടിയാക്കാം എന്നാണ് മേല്‍നോട്ട സമിതിയുടെ നിലപാട്. തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മേല്‍നോട്ടസമിതി ഇന്ന് കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വകുപ്പ് അറിയിച്ചു. തുലാവര്‍ഷത്തോടൊപ്പം, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറിയതുമാണ് മഴയ്ക്ക് കാരണം. ഒക്ടോബര്‍ മാസത്തില്‍ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂന മര്‍ദ്ദമാണിത്. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്താല്‍ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടും. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.