ഷാര്‍ജ: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി പാകിസ്ഥാന്‍. കരുത്തരായ ന്യൂസിലന്റിനെ 5 വിക്കറ്റിനാണ് പാകിസ്ഥാന്‍ തോല്‍പ്പിച്ചത്. നേരത്തെ ഇന്ത്യയെ പത്ത് വിക്കറ്റിന് പാകിസ്ഥാന്‍ തോല്‍പ്പിച്ചിരുന്നു. ഇതോടെ രണ്ട് കളികളില്‍ നിന്നായി 4 പോയിന്റായി.
ന്യൂസിലന്റിനെതിരെ 135 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന്‍ 18.4 ഓവറില്‍ കളി തീര്‍ത്തു. 33 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാന്‍ ടോപ് സ്‌കോററായി. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ പാകിസ്ഥാന് വെറ്ററന്‍ ബാറ്റ്‌സ്മാന്‍ ഷോയിബ് മാലിക്കും യുവതാരം ആസിഫ് അലിയും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷയായത്. വേര്‍പിരിയാതെ ഇരുവരും 48 റണ്‍സടിച്ച് പാകിസ്ഥാനെ ജയിപ്പിച്ചു. മാലിക് 26ഉം ആസിഫ് 27ഉം റണ്‍സെടുത്തു. ന്യൂസിലന്റിന് വേണ്ടി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലന്റിനെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. ഷാര്‍ജയിലെ വേഗം കുറഞ്ഞ പിച്ചില്‍ പാകിസ്ഥാന്റെ മറ്റൊരു മികച്ച ബൗളിംഗ് പ്രകടനമാണ് കണ്ടത്. ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തിലും ന്യൂസിലന്റിനെ അനായാസം സ്‌കോര്‍ ഉയര്‍ത്താന്‍ പാക് ബൌളര്‍മാര്‍ സമ്മതിച്ചതേയില്ല. 27 റണ്‍സ് വീതമെടുത്ത ഡാരില്‍ മിച്ചലും കോണ്‍വേയുമാണ് അവരുടെ പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 25 റണ്‍സെടുത്തു. പാകിസ്ഥാന്് വേണ്ടി 22ന് റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി ഹാരിസ് റൌഫ് കളിയിലെ കേമനായി.
ന്യൂസിലന്റിനെതിരായ ജയത്തോടെ പാകിസ്ഥാന്‍ സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. നമീബിയ, അഫ്ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ് എന്നിവരോടാണ് ഇനിയുള്ള കളികള്‍. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ ഗ്രൂപ്പ് രണ്ടില്‍ നിന്നും സെമിയിലെത്തും. ആദ്യ കളിയില്‍ പാകിസ്ഥാനോട്് തോറ്റ ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ സെമി സാധ്യതകളിലേക്ക് കടക്കാം.