കൊച്ചി: രാജ്യത്തെ ആറ് വിജ്ഞാപിത മതന്യൂനപക്ഷങ്ങളില്‍ ഒന്നായ ക്രൈസ്തവരോടു ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സീറോമലബാര്‍സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആര്‍ച്ച്ബിഷപ് മാർ ആന്‍ഡ്രൂസ് താഴത്ത്. മതന്യൂനപക്ഷങ്ങളില്‍ ഒന്നായ ക്രൈസ്തവരോടു ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്.
ന്യൂനപക്ഷ ക്ഷേമവകുപ്പു വര്‍ഷങ്ങളായി നിലനിര്‍ത്തിയ 80: 20 എന്ന വിവേചനപരമായ അനുപാതം ഭരണഘടനാവിരുദ്ധമാണെന്നും സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങള്‍ക്കു വീതിക്കണമെന്നും ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിൻമേൽ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജിയും ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഈ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നു.
സര്‍വ്വകക്ഷിയോഗത്തിലും മറ്റും സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്നു ചുവടുമാറിയതു ചില സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണെന്നു ന്യായമായും അനുമാനിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേര്‍തിരിവുകള്‍ പാടില്ലെന്നും അപ്രകാരമുള്ള വേര്‍തിരിവുകള്‍ ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷതത്വങ്ങള്‍ക്കു വിരുദ്ധമാണെന്നുമുള്ള ഹൈക്കോടതി വിധി അംഗീകരിക്കുകയാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സീറോമലബാര്‍സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യനീതി ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാകേണ്ട സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയുടെ 24355/2020 വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ പിന്‍വലിക്കാന്‍ തയ്യാറാകണം. നിയമവേദികളില്‍ സര്‍ക്കാര്‍ നിലപാടുകളെടുക്കുമ്പോള്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങളെയും സമഭാവനയോടെ കണക്കിലെടുക്കണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തെറ്റായ നിലപാടു തിരുത്തിയില്ലെങ്കില്‍ ഇതിനെതിരെയുള്ള നിയമനടപടികളുമായി പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സഹകരിച്ചു മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പ് നൽകി.
കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സീറോമലബാര്‍സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ ഓണ്‍ലൈന്‍ യോഗത്തില്‍, കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, അംഗങ്ങളായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, സെക്രട്ടറി ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, അസി. സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവര്‍ പങ്കെടുത്തു.