‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം: നേട്ടം ബാഴ്‌സലോണ ഫിലിം ഫെസ്റ്റിവലിൽ

തിരുവനന്തപുരം: ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം. ബാഴ്‌സലോണ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചര്‍ സിനിമക്കുള്ള പുരസ്‌കാരമാണ് ഇത്തവണ ചിത്രം സ്വന്തമാക്കിയത്. ദിലീഷ് പോത്തനും ഫഹദുമാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഈ പുരസ്കാരത്തോടെ മൂന്ന് രാജ്യാന്തര പുരസ്കാരമാണ് ചിത്രം സ്വന്തമാക്കുന്നത്.

നേരത്തെ, വെഗാസസ് മൂവി അവാര്‍ഡില്‍ മികച്ച നറേറ്റീവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ജോജി നേടിയിരുന്നു.

ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമായ ജോജിക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിരുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ചർച്ച ചെയ്യപ്പെട്ടു.

മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിച്ച ചിത്രം കൂടിയാണിത്. ‘ദൃശ്യം 2’നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാള ചിത്രവുമായിരുന്നു ഇത്. ശ്യാം പുഷ്‍കരനാണ് ചിത്രത്തിന്‍റെ തിരക്കഥ. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചത്. നേരത്തെ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തിരക്കഥയും ശ്യാം പുഷ്‍കരന്‍റേത് ആയിരുന്നു.