കേരള പൊലീസില്‍ നിന്ന് നേരിട്ടത് വളരെ മോശം അനുഭവം; സ്പീക്കര്‍ക്ക് പരാതി നല്‍കി ഡീന്‍ കുര്യാക്കോസ്

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശനം തടഞ്ഞ കേരള പൊലീസിനെതിരെ പരാതിയുമായി
ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. അവകാശലംഘനം ഉന്നയിച്ച്‌ സ്പീക്കര്‍ക്കാണ് എംപി പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് ആര്‍ക്കുവേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും താന്‍ നേരിട്ടത് വളരെ മോശം അനുഭവമാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

‘എനിക്കുണ്ടായ അനുഭവം വളരെ മോശമാണ്. കേരള പൊലീസ് തന്നെയാണ് തടഞ്ഞത്. രണ്ട് ദിവസമായി ഇടുക്കി ജില്ലാ കളക്ടറുമായി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അവ്യക്തമായിരുന്നു. അവര്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ തമിഴ്‌നാടിനെ ബന്ധപ്പെടുകയുണ്ടായി. എനിക്ക് അതിന്റെ ഒരു കാര്യവുമില്ല. ഡാമിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി ഫോണില്‍ സംസാരിച്ചു.

മുമ്പുള്ള ഇടുക്കി എംപിമാര്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. വിഷയത്തില്‍ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. അതിനെ നിസാരമായി കാണാന്‍ കഴിയില്ല. ഞാന്‍ സന്ദര്‍ശനം നടത്തി കഴിഞ്ഞാല്‍ സുരക്ഷാ ഭീഷണിയുണ്ടാവുമെന്നാണ് ഡിവൈഎസ്പി പറഞ്ഞത്’ -ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തിയ ഡീന്‍ കുര്യാക്കോസിനെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസ് തടയുകയായിരുന്നു. ഒരു മണിക്കൂറോളം കാത്തുനിന്ന ശേഷം പിന്നീട് എംപി മടങ്ങി പോവുകയായിരുന്നു.