ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി വിധി നാളെ. കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി നാളെ വിധി പറയുന്നത്. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് കോടതി വിധി നിര്‍ണായകമായിരിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ഇസ്രയേലി ചാരസ്‌ഫോട്‌വെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തിയത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍, രാജ്യ സഭാ എംപി ജോണ്‍ ബ്രിട്ടാസ് , അഭിഭാഷകനായ എംഎല്‍ ശര്‍മ്മ, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, ആര്‍എസ്എസ് നേതാവ് കെഎന്‍ ഗോവിന്ദാാചാര്യ എന്നിവരാണ് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.
ദേശീയ മാധ്യമമായ വയര്‍ റിപ്പോര്‍ട്ട് ചെയ്തപ്രകാരം 300ഓളം പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി, തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി, ഇലക്ഷന്‍ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്രം അംഗീകരിച്ചിട്ടില്ല. വിവാദം കെട്ടിച്ചമച്ചതാണെന്നാണ് കേന്ദ്രത്തിന്റെ വാദം.