ദുബായ്: ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്നും പിന്മാറി ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക്. വംശീയ – വര്‍ണ വിവേചനത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കുകൊള്ളാന്‍ തയ്യാറാവാതെയാണ് മത്സരത്തിന് തൊട്ട് മുന്‍പ് ഡി കോക്ക് പിന്‍വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
മത്സരത്തിന് മുന്‍പ് എല്ലാ താരങ്ങളും വംശീയ-വര്‍ണ വിവേചനങ്ങള്‍ക്കെതിരായി മുട്ടുകാല്‍ കുത്തി പ്രതിഷേധിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ ഡി കോക്ക് തയ്യാറാവാതെ പുറത്തുപോവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയ്ക്കെതിരായ മത്സരത്തിലും മുട്ടുകുത്തി പ്രതിഷേധിക്കാനോ വിവേചനങ്ങള്‍ക്കെതിരായ ക്യാംപെയിനിന്റെ ഭാഗമാകാനോ ഡി കോക്ക് തയ്യാറായിരുന്നില്ല.
ഇതിന് പിന്നാലെ ടീമംഗങ്ങള്‍ നിര്‍ദേശം പാലിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താക്കീത് ചെയ്തിരുന്നു. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് തങ്ങളുടെ പിന്തുണ പ്രകടിപ്പിക്കാന്‍ മൂന്ന് വഴികള്‍ തെരഞ്ഞെടുക്കുക എന്നായിരുന്നു ബോര്‍ഡ് നിര്‍ദേശത്തില്‍ പറഞ്ഞത്. മുട്ടുകുത്തുക, മുഷ്ടി ഉയര്‍ത്തുക, അല്ലെങ്കില്‍ ശ്രദ്ധയോടെ നേരെ നില്‍ക്കുക എന്നിങ്ങനെയായിരുന്നു ഇത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ ഡി കോക്ക് തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പ്രതിഷേധത്തില്‍ പങ്കുകൊളളാന്‍ തയ്യാറാവാതെ ഇരുന്ന ഡി കോക്കിനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കുകയായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്ന നിലപാടാണ് ഡി കോക്ക് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഡി കോക്ക് കളിക്കുന്നില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബവുമയും ടോസിന് ശേഷം പറഞ്ഞത്.