ഒരു വര്‍ഷം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചത് 23.53 രൂപ; ജനങ്ങളെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്നതിനുള്ള റെക്കോര്‍ഡും മോദി സര്‍ക്കാരിന് തന്നെയെന്ന് പ്രിയങ്കഗാന്ധി

ന്യൂഡെല്‍ഹി: ഇന്ധനവിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ദ്ധനവില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ കണക്കറ്റ് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഗാന്ധിയുടെ പരിഹാസം.

ഒരു വര്‍ഷത്തിനിടെ പെട്രോള്‍ വില ഇത്രയും വര്‍ദ്ധിക്കുന്നത് ഇത് ആദ്യമാണെന്ന് വ്യക്തമാക്കുന്ന പത്രവാര്‍ത്ത പങ്കപവെച്ചുകൊണ്ടാണ് പ്രിയങ്കയുടെ ട്വീറ്റ്. ഈ വര്‍ഷം മാത്രം പെട്രോള്‍ വിലയില്‍ ലിറ്ററിന് 23.53 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ വില വര്‍ദ്ധനവ് ഉണ്ടാകുന്നത് ആദ്യമാണെന്നും പ്രിയങ്ക പങ്കുപവെച്ചിരിക്കുന്ന ഹിന്ദി പത്രം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

”മോദിയുടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതില്‍ വലിയ റെക്കോഡുകളാണ് സൃഷ്ടിക്കുന്നത്. ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ – മോദി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വില്‍ക്കുന്നു – മോദി സര്‍ക്കാര്‍. ഒരു വര്‍ഷത്തിനിടെ ഏറ്റവും അധികം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു – മോദി സര്‍ക്കാര്‍” -പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവായ രണ്‍ദീപ് സിങ് സുര്‍ജേവാലായും വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. പത്ര വാര്‍ത്ത പങ്കുവെച്ച രണ്‍ദീപ് സിങ് സുര്‍ജേവാലാ ഇത് അച്ഛേ ദിന്‍ ആണെന്നായിരുന്നു പരിഹസിച്ചത്.

തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം. പുതിയ വില നിലവില്‍ വന്നതോടെ കേരളത്തില്‍ ചിലയിടത്ത് പെട്രോള്‍ വില 110 രൂപ കടന്നിട്ടുണ്ട്. 35 പൈസ വീതമാണ് വില വര്‍ദ്ധനവ്. ഇതോടെ 2020 മെയ് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പെട്രോളിന് 36 രൂപയും ഡീസലിന് 26.58 രൂപയുമാണ് വര്‍ധിച്ചത്.

പെട്രോളിനും ഡീസലിനും ഇപ്പോള്‍ ഈടാക്കുന്ന നികുതിയും റെക്കോഡ് നിലയിലാണ്. അതേസമയം, ഇന്ധനവില സംബന്ധിച്ച വിചിത്രവാദങ്ങളുമായി ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ധനവില വര്‍ധിപ്പിക്കുന്നത് ജനങ്ങള്‍ക്ക് സൗജന്യമായി കൊറോണ വാക്‌സിന്‍ നല്‍കാനാണെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രിയുടെ വാദം.

ഇന്ധനവിലയിലെ എക്‌സൈസ് നികുതി ഉപയോഗിച്ചാണ് സൗജന്യ കൊറോണ വാക്‌സിന്‍ നല്‍കുന്നതെന്ന ഹര്‍ദീപ് സിങ് പുരിയുടെ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. 32 രൂപയുടെ നികുതി ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മഹാമാരിക്കാലത്ത് 100 കോടി ഡോസ് വാക്‌സിന്‍ നല്‍കുകയും ജനങ്ങള്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എട്ട് കോടി സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

പെട്രോള്‍ വില 200 രൂപയിലെത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ അനുവദിക്കാമെന്ന് അസം ബിജെപി അധ്യക്ഷന്‍ ബബേഷ് കലിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയില്‍ 95 ശതമാനം ആളുകളും പെട്രോള്‍ ഉപയോഗിക്കാത്തിനാലാണ് വില വര്‍ദ്ധിക്കുന്നതെന്നായിരുന്നു ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരിയുടെ പ്രസ്താവന.