ബൊഗോട്ട: കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയയുടെ തലവന്‍ ഓട്ടോണിയല്‍ പിടിയില്‍. സൈന്യവും വ്യോമസേനയും പൊലീസും ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ശനിയാഴ്ച ഓട്ടോണിയല്‍ പിടിയിലായതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
ഓട്ടോണിയല്‍ എന്നറിയപ്പെടുന്ന ഡയറോ അന്റോണിയോ ഉസൂഗയെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 40 കോടി രൂപയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. മയക്കുമരുന്ന് മാഫിയ തലവന്‍ എന്നതിനൊപ്പം സായുധ സംഘത്തിന്റെ നേതാവ് കൂടിയായിരുന്നു ഓട്ടോണിയല്‍.
സര്‍ക്കാരിന്റെ 40 കോടിക്ക് പുറമെ യുഎസ് സര്‍ക്കാര്‍ ഇയാളുടെ തലയ്ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ (37 കോടി രൂപ)യും വിലയിട്ടിരുന്നു. ഓട്ടോണയലിനെ പിടികൂടിയ കാര്യം വീഡിയോ സന്ദേശത്തിലൂടെ സ്ഥിരീകരിച്ച കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡക് സായുധസേനയെ പ്രശംസിച്ചു.
രാജ്യത്ത് ഒരു നൂറ്റാണ്ടിനിടെ മയക്കുമരുന്നിനെതിരെ നടത്തുന്ന ഏറ്റവും വലിയ പോരാട്ടമാണ് ഇതെന്നും കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡക്ക് പറഞ്ഞു. 1990ല്‍ മയക്കുമരുന്ന് മാഫിയ തലവന്‍ പാബ്ലോ എസ്‌കോബാറിനെ പിടികൂടിയതിനോടാണ് പ്രസിഡന്റ് ഈ സംഭവത്തെ താരതമ്യം ചെയ്തത്.
കൊളംബിയ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളെ പിടികൂടാന്‍ സര്‍ക്കാരുകള്‍ വലിയ പോരാട്ടമാണ് വര്‍ഷങ്ങളായി നടത്തുന്നത്. വടക്കുപടിഞ്ഞാറന്‍ കൊളംബിയയിലെ ആന്റിയോക്കുല പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ഓട്ടോണിയലിനെ പോലീസിന് പിടികൂടാന്‍ സാധിച്ചത്. പനാമയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ഓപ്പറേഷനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ലെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറ്റുമുട്ടലിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായും പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, ഓട്ടോണിയലിനെ കൈവിലങ്ങണിയിച്ച് കസ്റ്റഡിയിലെടുത്തതിന്റെ ചിത്രങ്ങളും കൊളംബിയന്‍ സൈനികവൃത്തങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. നിലവില്‍ 50 വയസുള്ള ഒട്ടോണിയലിനെ പിടികൂടാനായി പലവട്ടം ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. മയക്കുമരുന്ന് മാഫിയ തലവനുമായ സഹോദരന്‍ പത്ത് വര്‍ഷം മുന്‍പ് ഒരു പൊലീസ് റെയിഡിനിടെ കൊല്ലപ്പെട്ടതോടെയാണ് ഗള്‍ഫ് ക്ലാന്‍ അഥവാ ഉസൂഗ ക്ലാന്‍ എന്നറിയപ്പെടുന്ന സംഘത്തിന്റെ തലവനായി ഒട്ടോണിയല്‍ ഉയര്‍ന്നത്. രാജ്യത്തെ ഏറ്റവും ശക്തമായ ക്രിമിനല്‍ സംഘമാണ് ഒട്ടോണിയലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘം.
മയക്കുമരുന്ന് കടത്തിനു പുറമെ മനുഷ്യക്കടത്ത്, അനധികൃത സ്വര്‍ണഖനനം, പിടിച്ചുപറി എന്നിങ്ങനെ നിരവധി കേസുകളും ഓട്ടോണിയലിന്റെ പേരിലുണ്ട്. യുഎസിലേയ്ക്ക് കൊക്കൈന്‍ കടത്തുകയും സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയും വധിക്കുകയും ചെയ്ത കേസുകളിലും കുട്ടികളെ കടത്തിയ കേസിലും ഒട്ടോണിയല്‍ പ്രതിയാണ്.