തിരുവനന്തപുരം : സംസ്‌ഥാനത്തു നാളെ മുതല്‍ വീണ്ടും മഴ ശക്‌തമാകുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കേ കോട്ടയം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഇന്നലെ ദുരിതപ്പെയ്‌ത്തും വന്‍നാശനഷ്‌ടവും. പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴിയിലും കോട്ടയം ജില്ലയിലെ വണ്ടന്‍പതാലിലും ഉരുള്‍പൊട്ടി.
ആങ്ങമൂഴി വനമേഖലയില്‍ രണ്ടിടത്തായിരുന്നു ഉരുള്‍പൊട്ടല്‍. മലവെള്ളപ്പാച്ചിലില്‍ പമ്പയിലടക്കം അതിവേഗം ജലനിരപ്പുയര്‍ന്നു.
പത്തനംതിട്ട ജില്ലയില്‍ ഇന്നലെ വൈകിട്ട് അഞ്ചോടെ തുടങ്ങിയ ഇടിമിന്നലോടുകൂടിയ കനത്തമഴ രാത്രിയിലും ശമിച്ചിട്ടില്ല. ആങ്ങമൂഴിയിലെ പ്ലാപ്പള്ളി, തേവര്‍മല വനമേഖലയാണ് ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം. പത്തനംതിട്ട, കോട്ടമണ്‍പാറ ലക്ഷ്‌മിഭവനില്‍ സഞ്‌ജയന്റെ കാറും മത്സ്യഫാമും റബര്‍ പുകപ്പുരയും റബര്‍ റോളറും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
ഉരുള്‍പൊട്ടലിനേത്തുടര്‍ന്ന് തോടുകള്‍ കരകവിഞ്ഞു. കോട്ടമണ്‍പാറ പാലത്തിനു മുകളിലൂടെ വെള്ളമൊഴുകി. ചാത്തന്‍തറ-കുരുമ്പന്‍മൂഴി വനപ്രദേശത്തും ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. പനംകൊടുന്ത-അരുവിതോട്ടിലെ മലവെള്ളപ്പാച്ചിലില്‍ വന്‍കൃഷിനാശമുണ്ടായി. വളര്‍ത്തുമൃഗങ്ങള്‍ ഒലിച്ചുപോയി.
രാത്രി ഏഴരയോടെ റാന്നി മേഖലയില്‍ മലവെള്ളമെത്തി. അരമണിക്കൂറിനുള്ളില്‍ പമ്പയില്‍ അഞ്ചടിയിലേറെ വെള്ളമുയര്‍ന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ പെയ്‌ത കനത്തമഴയിലാണു മുണ്ടക്കയം, വണ്ടന്‍പതാല്‍ അസംബനി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയത്. അസംബനി മല്ലപ്പള്ളി കോളനി ഭാഗത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. എക്കുളത്ത് കനകമ്മ, കുളവാതുക്കല്‍ തോമസ് എന്നിവരുടെ വീടുകള്‍ക്കു നാശമുണ്ടായി. അസംബനി-മല്ലപ്പള്ളി കോളനി കൂപ്പ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. കുന്നിന്‍മുകളിലെ തേക്കിന്‍കൂപ്പില്‍നിന്ന് ഉരുള്‍പൊട്ടി കുതിച്ചെത്തിയ മലവെള്ളം പുല്ലകയാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയര്‍ത്തി.
മുണ്ടക്കയം, എരുമേലി പട്ടണങ്ങളില്‍ വെള്ളം കയറി. എരുമേലിയില്‍ കെ.എസ്.ആര്‍.ടി.സി. ജങ്‌ഷന്‍, സെന്റ് തോമസ് സ്‌കൂള്‍ ജങ്‌ഷന്‍ എന്നിവിടങ്ങളിലായിരുന്നു വെള്ളപ്പൊക്കം. മുണ്ടക്കയം കരിനിലത്ത് റോഡില്‍ വെള്ളം കയറിയതോടെ എരുമേലി, കുഴിമാവ് പ്രദേശങ്ങളിലേക്കുള്ള ഗതാഗതം സ്‌തംഭിച്ചു.
കനത്തമഴയില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരം വെള്ളത്തിലായി. നിരവധി വ്യാപാരസ്‌ഥാപനങ്ങളില്‍ വെള്ളം കയറി. മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡിനു സമീപം തൊടുപുഴ-പാലാ റോഡ്, പഴയ മണക്കാട് റോഡ്, മൂവാറ്റുപുഴ റോഡില്‍നിന്നു മൗണ്ട് സീനായി റോഡിലേക്ക് തിരിയുന്ന ഭാഗം, മാര്‍ക്കറ്റ് റോഡ്, മോര്‍ ജങ്‌ഷന്‍, റോട്ടറി ജങ്‌ഷന്‍, കാഞ്ഞിരമറ്റം റോഡ്, മങ്ങാട്ടുകവല, കാരിക്കോട്, കെ.കെ.ആര്‍. ജംഗ്‌ഷന്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു.
തൃശൂര്‍ ജില്ലയിലെ വിവിധ മേഖലകളും വെള്ളപ്പൊക്കക്കെടുതിയിലായി. ഇന്നലെ പുലര്‍ച്ചെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ചാലക്കുടി, കപ്പത്തോടിനു സമീപമുള്ള വീടുകളില്‍ വെള്ളം കയറി. പുലര്‍ച്ചെ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചില്‍ പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തി. പരിയാരം, കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്തുകളിലാണു മലവെള്ളം ഇരച്ചുകയറിയത്. വനമേഖലയില്‍ മഴ കനത്തതോടെ കപ്പത്തോട് കരകവിഞ്ഞ് മുപ്പതോളം വീടുകള്‍ വെള്ളത്തിലായി. വീട്ടുപകരണങ്ങളും വിളകളും വ്യാപകമായി നശിച്ചു.
പരിയാരം പഞ്ചായത്തിലെ മാവുഞ്ചിറ പാലത്തിനു സമീപം പയ്യപ്പിള്ളി ഡേവിസിന്റെ വീട് പകുതിയോളം മുങ്ങി. വീട്ടുകരണങ്ങളെല്ലാം നശിച്ചു. കൂട്ടിലായിരുന്ന മുപ്പതോളം കോഴികള്‍ ചത്തു. ഡേവിസിന്റെ അമ്മ മേരി(91)യെ സമീപവാസികള്‍ ചേര്‍ന്ന് വീടിനു പുറത്തെത്തിച്ചു. അതിരപ്പിള്ളി പഞ്ചായത്തിലെ കോട്ടാമലയില്‍ അഞ്ച് വീടുകളില്‍ വെള്ളം കയറി.