കുഞ്ഞിനായി അനുപമ ഹൈക്കോടതിയിലേക്ക്; ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിക്കും

തിരുവനന്തപുരം: തന്റെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ അമ്മ അനുപമ ഹൈക്കോടതിയിലേക്ക്. കുഞ്ഞിനെ തിരികെക്കിട്ടണമെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാണ് തീരുമാനം. ചൊവ്വാഴ്ച ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്.

കുഞ്ഞിനെ ദത്ത് നല്‍കിയതിന്റെ അവസാന നടപടിക്രമങ്ങള്‍ പുരോഗമിക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിയിലെ നടപടിക്രമങ്ങളില്‍ കക്ഷി ചേരാനും ആലോചനയുണ്ട്. സംഭവം വിവാദമായതോടെ ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ കോടതിയോട് ആവശ്യപ്പെടാന്‍ ഗവണ്‍മെന്റ് പ്ലീഡറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ശിശുക്ഷേമ സമിതിയുടേത് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തല്‍. വകുപ്പു തല അന്വേഷണത്തിന് ഉത്തരവിറങ്ങി.

അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ദത്ത് നല്‍കിയതിന്റെ നടപടികള്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി ദത്ത് നടപടികളില്‍ കോടതി അന്തിമവിധി പറയാനുള്ള ഘട്ടത്തിലാണ്. കുഞ്ഞിന്റെ മാതാവ് അവകാശവാദവുമായി വന്നതും വിഷയം വിവാദമായ സാഹചര്യവും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.