കോട്ടയം: എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എഐഎസ്‌എഫ് വനിതാ നേതാവ് തനിക്കെതിരെ നല്‍കിയത് വ്യാജപരാതിയാണെന്ന് മന്ത്രി ശിവന്‍കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കെഎം അരുണ്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ സ്റ്റാഫിന്റെ പേരില്‍ കേസ് എടുക്കണമെന്നതാണ് അവരുടെ തന്ത്രമെന്ന് അരുണ്‍ ആരോപിച്ചിരുന്നു. എന്നാല്‍, അരുണ്‍ തന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ, മന്ത്രിയുടെ ന്യായീകരണം കള്ളമാണെന്ന് തെളിയുന്നു.
കെ.എം.അരുണിനെ അദ്ദേഹത്തിന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ നിയമിച്ചു കൊണ്ടുള്ള സെപ്റ്റംബര്‍ 9 ലെ ഉത്തരവ് പുറത്തുവന്നു. കെ.എം.അരുണ്‍ സ്റ്റാഫ് അംഗമാണോ എന്ന ചോദ്യത്തില്‍ നിന്ന് മന്ത്രി വി.ശിവന്‍കുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. കെ.എം. അരുണിനെതിരെ പരാതി നല്‍കിയെങ്കിലും മൊഴി നല്‍കിയില്ലെന്ന പേരില്‍ കേസെടുത്തില്ല. മന്ത്രിയുടെ സ്റ്റാഫിനെതിരെ കേസെടുക്കാത്തതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
എം ജി സര്‍വകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതി. വിഷയവുമായി ബന്ധപ്പെട്ട് ആദ്യം നല്‍കിയ പരാതിയില്‍ തന്റെ പേരില്ലെന്നും പിന്നീട് എസ്പിക്ക് കൊടുത്ത പരാതിയിലാണ് തന്റെ പേര് ചേര്‍ത്തതെന്നും അരുണ്‍ ആരോപിച്ചിരുന്നു.