തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയിൽനിന്നും കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. മാതാപിതാക്കൾ കുഞ്ഞിനെ കടത്തിയെന്ന മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതിയിലാണ് വനിതാ കമ്മീഷന്റെ ഇടപെടൽ.
വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോർട്ട് തേടി. തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന കമ്മീഷൻ സിറ്റിങ്ങിൽ പരാതിക്കാരിയായ അനുപമയേയും ഭർത്താവ് അജിത്തിനേയും വിളിച്ചുവരുത്തുമെന്നും വനിതാ കമ്മീഷൻ അറിയിച്ചു.
അനുപമ കുഞ്ഞിനെ തേടിനടക്കുന്ന വാർത്ത കേരളം ഏറെ ചർച്ച ചെയ്തിരുന്നു. കേസിൽ പോലീസ് അന്വേഷണം ഇഴയുന്നുവെന്ന ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷൻ കൂടി വിഷയത്തിൽ ഇടപെടുന്നത്. സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താൽ കേസ് അന്വേഷണം തടസപ്പെടുത്തുന്നുവെന്നും അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് അനുപമ പ്രസവിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി. അതിനിടെ കഴിഞ്ഞ ഓഗസ്റ്റിൽ ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികൾക്ക് നൽകിയ കുഞ്ഞ് അനുപമയുടെതാണെന്ന സംശയം ബലപ്പെടുകയാണ്. അതേകുട്ടി തന്നെയാണെങ്കിൽ ഗുരുതരമായ പിഴവ് ശിശുക്ഷേമ സമിതിക്കുണ്ടായെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.