മനുഷ്യശരീരത്തില്‍ പന്നിയുടെ വൃക്ക; പുറം തള്ളാതെ ശരീരം; അവയവമാറ്റത്തില്‍ നിര്‍ണ്ണായക നേട്ടമെന്ന് വിദഗ്ദ്ധര്‍

ന്യൂയോര്‍ക്ക്: മനുഷ്യന്റെ ശരീരത്തില്‍ പന്നിയുടെ വൃക്ക ഘടിപ്പിച്ച് ശസ്ത്രക്രിയ നടന്നു. ലോകത്താദ്യമായി ന്യൂയോര്‍ക്കിലെ ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ ഒരു രോഗിയുടെ ശരീരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പന്നിയുടെ വൃക്ക ഘടിപ്പിച്ചത്. പരീക്ഷണം വിജയിച്ചാല്‍ അവയവമാറ്റ രംഗത്ത് നിര്‍ണ്ണായക വഴിത്തിരിവായി ഇത് മാറുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

പന്നിയുടെ വൃക്ക മനുഷ്യശരീരത്തില്‍ തുന്നിച്ചേര്‍ത്തിട്ടും അവയവത്തെ ഉടന്‍ തന്നെ ശരീരം പുറംന്തള്ളാനുള്ള പ്രവണത കാണിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ശരീരം മൃഗത്തിന്റെ അവയവത്തെ ദീര്‍ഘകാലത്തേയ്ക്ക് ഉള്‍ക്കൊള്ളുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ശരീരവുമായി ബന്ധിപ്പിച്ചെങ്കിലും വൃക്ക ഇപ്പോഴും ശരീരത്തിനു പുറത്തു തന്നെയാണ് ഗവേഷകര്‍ സൂക്ഷിച്ചിട്ടുള്ളത്.

ന്യൂയോര്‍ക്കിലെ എന്‍ഐയു ലാങ്കോണ്‍ ഹെല്‍ത്തിലാണ് ചരിത്രപ്രാധാന്യമുള്ള ശസ്ത്രക്രിയ നടന്നത്. ജനിതകമാറ്റം നടത്തിയ പന്നിയുടെ വൃക്കയാണ് മനുഷ്യ ശരീരത്തില്‍ തുന്നിച്ചേര്‍ത്തത്. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനം അവയവത്തെ പുറന്തള്ളുന്നത് ഒഴിവാക്കാനായി ആണ് പ്രത്യേക തരത്തില്‍ ജനിതകമാറ്റം നടത്തിയ പന്നിയിലെ വൃക്ക ഉപയോഗിച്ചത്.
ചില പ്രത്യേക ഘടകങ്ങള്‍ ഈ അവയവത്തില്‍ ഉണ്ടാകില്ലെന്നതിനാല്‍ മനുഷ്യശരീരം അവയവത്തെ പുറന്തള്ളില്ലെന്ന കണക്കുകൂട്ടലിലാണ് ഗവേഷകര്‍. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു വ്യക്തിയിലാണ് ഈ പരീക്ഷണം നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തലച്ചോറിനുള്ള തകരാറു മൂലം രോഗിക്ക് മസ്തിഷ്‌കമരണം സംഭവിച്ചിരുന്നെങ്കിലും വൃക്ക അടക്കമുള്ള അവയവങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയില്‍ നിന്നു വിട്ടു കിട്ടുന്നതിനു മുന്‍പ് പരീക്ഷണങ്ങള്‍ നടത്താന്‍ മരിച്ചയാളുടെ ബന്ധുക്കള്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്ന് അധികൃതര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി പുതിയ വൃക്ക ശരീരത്തില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ അവയവത്തെ പുറന്തള്ളുന്ന ലക്ഷണങ്ങള്‍ ശരീരം കാണിച്ചിട്ടില്ലെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഈ വൃക്ക സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാധാരണ മനുഷ്യന്റെ വൃക്ക ഉത്പാദിപ്പിക്കുന്ന അളവില്‍ തന്നെ മൂത്രം ഉത്പാദിപ്പിക്കുന്നുണ്ടെന്നും ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ. റോബര്‍ട്ട് മോണ്ടിഗോമറി പറഞ്ഞു.

മുമ്പ് കുരങ്ങുകളില്‍ ഈ പരീക്ഷണം നടത്തിയപ്പോഴും ഇതേ ഫലം തന്നെയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വൃക്കയുടെ പ്രവര്‍ത്തനം മോശമായതിനാല്‍ രോഗിയുടെ ക്രിയാറ്റിന്‍ നില ഉയര്‍ന്ന നിലയിലായിരുന്നുവെന്നും എന്നാല്‍ പന്നിയുടെ വൃക്ക സ്ഥാപിച്ചതോടെ ഇത് സാധാരണനിലയിലേയ്ക്ക് മാറിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പരീക്ഷണം വിജയിച്ചാല്‍ അവയവമാറ്റത്തിനുള്ള കാലതാമസവും ലഭ്യതകുറവും അടക്കമുള്ള കാര്യങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ആഗോളതലത്തില്‍ ലക്ഷക്കണക്കിന് രോഗികളാണ് വൃക്ക ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നത്.

യുഎസില്‍ മാത്രം വൃക്ക മാറ്റിവെക്കലിനായി രോഗികള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് വര്‍ഷങ്ങളായി ഗവേഷണം നടക്കുന്നുണ്ടെങ്കിലും അവയവം തുന്നിച്ചേര്‍ത്ത ഉടന്‍ തന്നെ ശരീരം അവയവത്തെ പുറന്തള്ളുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഈ അവസ്ഥയില്‍ നിന്നുള്ള വലിയ കുതിച്ചുചാട്ടമാണ് പുതിയ ശസ്ത്രക്രിയയെന്നും ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നു. അതേസമയം, ഇത്തരം പന്നികളില്‍ നിന്നുള്ള ഹൃദയവാല്‍വുകളും ത്വക്കും മനുഷ്യനില്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന കാര്യവും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്.