ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയവരെ കണ്ടെത്താൻ കശ്മീരിൽ എൻഐഎ റെയ്ഡ്

ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധയിടങ്ങളിലായി എൻഐഎ റെയ്ഡ്. ഭീകരർക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയവരെ കണ്ടെത്തുന്നതിന് വേണ്ടി കശ്മീരിലെ ബരാമുള്ള, ശ്രീനഗർ അടക്കമുള്ള ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. അറസ്റ്റ് ഉണ്ടായേക്കുമെന്നും എൻഐഎ വൃത്തങ്ങൾ സൂചന നൽകുന്നു.

കഴിഞ്ഞ ആഴ്ചയും ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഡെൽഹി, ജമ്മു കശ്മീർ, ഉത്തർപ്രദേശ് തുടങ്ങിയിടങ്ങളിലായിരുന്നു കഴിഞ്ഞ ആഴ്ച എൻഐഎ റെയ്ഡ് നടത്തിയത്. ബരാമുള്ള ജില്ലയിലെ ഫത്തേഗഡിലെ ആരിഫ് മൻസൂർ ഷെയ്കിന്റെ വീട്ടിലും ഹുറിയത് നേതാവ് അബ്ദുൽ റാഷിദിന്റെ ഔദോറയിലെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.

അടുത്തിടെ ജമ്മു കശ്മീരിൽ നരവധി പ്രദേശവാസികൾ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എൻഐഎ റെയ്ഡ് വർധിപ്പിച്ചതെന്നാണ് വിവരം. പ്രദേശത്ത് റെയ്ഡ് തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

പ്രദേശത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഏജൻസി അന്വേഷിക്കുന്നത്. രണ്ട് അധ്യാപകരും ഫാർമസി ഉടമയും അടക്കം 11 പ്രദേശവാസികളെയാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി തീവ്രവാദികൾ കൊലപ്പെടുത്തിയത്.