പുതിയ പാര്‍ട്ടി രൂപീകരിക്കും; ബിജെപിയുമായി സഹകരിക്കും ;നയം വ്യക്തമാക്കി അമരീന്ദര്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന് വെല്ലുവിളിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വ്യക്തമാക്കി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ചൊവ്വാഴ്ചയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് കര്‍ഷക സമരത്തിന് പരിഹാരം കാണുമെന്നാണ് അമരീന്ദറിന്റെ പ്രഖ്യാപനം.

കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ ബി ജെ പിയുമായി സഹകരിക്കുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് അറിയിച്ചു. ഇരുപത് എംഎല്‍എമാര്‍ തനിക്ക് ഒപ്പമുണ്ടെന്നാണ് അമരീന്ദര്‍ അവകാശപ്പെടുന്നത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അമരീന്ദറിന്റെ പ്രഖ്യാപനം കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും. പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് അമരീന്ദര്‍ സിംഗിനോട് കോണ്‍ഗ്രസ് നേതൃത്വം രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഇതിനിടയില്‍ ശക്തിപ്പെട്ടിരുന്നെങ്കിലും ബി ജെ പിയിലേക്ക് ഇല്ലെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് താന്‍ ഇതുവരെ കോണ്‍ഗ്രസുകാരനാണെന്നും പക്ഷേ കോണ്‍ഗ്രസില്‍ തുടരില്ലെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.

ഇതിനിടയില്‍ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മൂന്ന് വട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു. അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. കോണ്ഗ്രസിലെ വിമത വിഭാഗവും കര്‍ഷക സംഘടനകളും അമരീന്ദറിന്റെ പുതിയ പര്‍ട്ടിയില്‍ പങ്കാളികള്‍ ആകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇപ്പോള്‍ വ്യക്തതയില്ല.

കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കീലാണെന്നും പഞ്ചാബില്‍ ആം ആദ്മി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.കോണ്‍ഗ്രസ്, എ.എ.പി, അകാലിദള്‍ എന്നിവ കൂടാതെ മറ്റൊരു മുന്നണിയും ഉയര്‍ന്നുവന്നേക്കമെന്നും അമരീന്ദര്‍ പറഞ്ഞു.