സ്വര്‍ണവും വിദേശ പണവും സമ്മാനം; സോഷ്യല്‍ മീഡിയയിലെ ‘വിദേശ’ ഡോക്ടര്‍ ദമ്പതികള്‍ പിടിയില്‍

തൃശൂര്‍: വിദേശത്ത് ഡോക്ടറാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ പറ്റിക്കുന്ന ദമ്പതികള്‍ അറസ്റ്റില്‍. ഫെയ്‌സ്ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെടുകയും വിദേശപണവും സ്വര്‍ണവും പഴ്‌സല്‍ ആയി അയച്ചിട്ടുണ്ട് എന്നു പറഞ്ഞ് നികുതി, പ്രൊസസിങ് ഫീസ് ഇനത്തില്‍ വന്‍ തുക അവരില്‍ നിന്നും തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തിലെ കണ്ണികളായ മണിപ്പുര്‍ സ്വദേശിനിയും ഭര്‍ത്താവുമാണ് പിടിയിലായത്.

മണിപ്പുര്‍ ഈസ്റ്റ് സര്‍ദാര്‍ ഹില്‍സ് സേനാപതി തയോങ്ങ് സ്വദേശികളായ റുഗ്‌നിഹുയ് കോം, ഭര്‍ത്താവ് ഹൃഗ്‌നിതേങ് കോം എന്നിവരാണ് സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്.

റുഗ്‌നിഹുയ് ആണ് സ്ത്രീകളെ ഫോണില്‍ വിളിച്ചു തട്ടിപ്പ് നടത്തുന്നത്. ഇതിനു ആവശ്യമായ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുകയും സിം കാര്‍ഡ് സംഘടിപ്പിക്കുകയുമാണ് ഭര്‍ത്താവു ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ തൃശൂര്‍ സ്വദേശിനിക്ക് 70000 യുകെ പൗണ്ടും സ്വര്‍ണവും അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച്‌ 35 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

ഫെയ്‌സ് ബുക്കില്‍ ഫ്രന്റ് റിക്വസ്റ്റ് അയച്ച്‌ പരിചയപ്പെട്ട ശേഷം വിദേശത്തു നിന്നു വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നു ഇവര്‍ സ്ത്രീകളെ വിശ്വാസിപ്പിക്കും. അതിനു ശേഷം ഇവ ഇന്ത്യയില്‍ എത്തിയെന്നും അതിനായുള്ള നികുതി, ഇന്‍ഷുറന്‍സ്, പണം ഇന്ത്യന്‍ രൂപയായി മാറ്റാനുള്ള പ്രൊസസിങ്ങ് ഫീസ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് വന്‍ തുക വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനു പിന്നില്‍ വലിയ ഒരു സംഘം തന്നെയുണ്ടെന്ന് സിറ്റി സൈബര്‍ പൊലീസ് പറഞ്ഞു.