കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴുന്നു; ഉന്നതതലയോഗം വിളിച്ച് കെഎസ്ഇബി

കോട്ടയം: കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോഡ്രൈവറായ ഓലിക്കൽ ഷാലറ്റിന്റെ(29)മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി.

കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാണ് ഷാലറ്റിന്റെ മൃതദേഹം ലഭിച്ചത്. കാണാതായവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ഉരുൾപ്പൊട്ടലിനെ തുടർന്ന് കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായി തകർന്നിരുന്നു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.

ഉരുൾപ്പൊട്ടലുണ്ടായ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലുമായി 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കവിൽ നിന്ന് 9 പേരേയും കൊക്കയാറിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 8 പേരെയുമാണ് കണ്ടെത്താനുള്ളത്.

കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ 19ഉം മീനച്ചിൽ താലൂക്കിൽ 13ഉം ക്യാമ്പുകൾ തുറന്നു. കോട്ടയം ജില്ലയിൽ വൈദ്യുതി വിതരണം താറുമാറായ അവസ്ഥയിലാണ്. അതിനിടെ കൂട്ടിക്കലിലും കൊക്കയാറിലും ഇപ്പോഴും മഴ തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് ഭീഷണിയാവുന്നുണ്ട്. ഇനിയും ഉരുൾപൊട്ടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ വന്‍കിട അണക്കെട്ടുകളുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെഎസ്ഇബി ഉന്നതതലയോഗം വിളിച്ചു.

കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങി വന്‍കിട അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കം, പ്രളയബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കല്‍ ഇവ യോഗം വിലയിരുത്തും. വൈകിട്ട് മൂന്നിന് മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ യോഗവും നാലുമണിക്ക് വിതരണവിഭാഗത്തിലെ മുഴുവന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെയും യോഗമാണ് വിളിച്ചത്.