കൊച്ചി: നഗരത്തിലും പരിസരപ്രദേശത്തും 99 നിരീക്ഷണ ക്യാമറ സ്ഥാപിച്ചതിൽ ഒരെണ്ണംപോലും പ്രവർത്തിക്കുന്നില്ല. 99 ക്യാമറകളെ പോലീസിന്റെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച് 24 മണിക്കൂറും ഉദ്യോഗസ്ഥർ നിരീക്ഷിച്ചിരുന്നു. സമയത്ത് അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ ക്യാമറകൾ നശിച്ചു.
കൊച്ചിയുടെ ചലനങ്ങൾ രാവും പകലും നിരീക്ഷിക്കാനായി പോലീസ് സ്ഥാപിച്ച 63 ഫിക്സഡ് ക്യാമറകളും 36 ഡോം ക്യാമറകളുമാണ് കേടായി മൂന്നു വർഷമായിട്ടും അധികൃതർ നന്നാക്കാത്തത്. വിവരാവകാശ നിയമപ്രകാരം പോലീസിൽനിന്ന് ലഭിച്ച രേഖകളാണ് ഇതു വ്യക്തമാക്കുന്നത്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഏറ്റവും അധികം കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന നഗരങ്ങളിലൊന്നാണ് കൊച്ചിയും.
കൊലപാതകങ്ങളിലും പിടിച്ചുപറിക്കലും ഉൾപ്പെടെ പല കുറ്റകൃത്യങ്ങളിലും നിർണായക തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ആശ്രയിക്കുന്നത് നിരത്തുകളിലെ നിരീക്ഷണ ക്യാമറകളെയാണ്. ഇവയാണ് മുഴുവനും കണ്ണടച്ചു കിടക്കുന്നത്.
സൗത്ത് റെയിൽവേ സ്റ്റേഷൻ, ഇടപ്പള്ളി ജങ്ഷൻ, വൈറ്റില ഹബ്ബ്, വൈറ്റില ജങ്ഷൻ, ഹൈക്കോർട്ട് ജങ്ഷൻ, കടവന്ത്ര, ജഡ്ജസ് അവന്യൂ, കച്ചേരിപ്പടി, കലൂർ ജങ്ഷൻ, നോർത്ത് ടൗൺഹാൾ, ഇൻഫോപാർക്ക്, നെഹ്‌റു സ്റ്റേഡിയം, പാലാരിവട്ടം ജങ്ഷൻ, എൻ.എച്ച്. ബൈപ്പാസ് പാലാരിവട്ടം തുടങ്ങിയ നിർണായക സ്ഥാനങ്ങളിലെ കാമറകൾക്കാണ് ഈ ഗതികേട്.
തകരാറിലായ ക്യാമറകൾ നന്നാക്കേണ്ട ചുമതല കെൽട്രോണിനാണ്. എന്നാൽ മുൻപ് നന്നാക്കിയതിന്റെ പണം നൽകാതെ ഇനി പറ്റില്ലെന്നാണ് കെൽട്രോണിന്റെ നിലപാട്. ചില സ്ഥലങ്ങളിലെ ക്യാമറകൾ മെട്രോയ്ക്കായി മാറ്റി.
പ്രധാന കവലകളിൽ നടുറോഡിൽ സ്ഥാപിച്ച ഇവ മെട്രോയുടെ തൂണുകൾ സ്ഥാപിക്കുന്നതിനുമുമ്പ് മാറ്റുകയായിരുന്നു. മെട്രോ റെയിൽ നിർമാണത്തിനായി അഴിച്ചുമാറ്റിയ ക്യാമറകൾ മിക്കതും പുനഃസ്ഥാപിച്ചിട്ടില്ല. വാഹനങ്ങളുടെയും ആളുകളുടെയും സംശയകരമായ നീക്കങ്ങൾ നിരീക്ഷിക്കാനും അത് കൺട്രോൾ റൂമിലിരുന്ന് വിലയിരുത്തി നടപടിയെടുക്കാനുമാണ് ക്യാമറകൾ സ്ഥാപിച്ചത്.
24 മണിക്കൂറും സിറ്റിയിലെ ക്രമസമാധാന പാലനത്തിന് സഹായകരമായിരുന്ന ക്യാമറകൾ പ്രവർത്തിക്കാതായിട്ടും ആഭ്യന്തരവകുപ്പോ സർക്കാരോ ഇടപെട്ടിട്ടില്ല. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല സമർപ്പിച്ച അപേക്ഷയിലാണ് ക്യാമറ സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടത്.