ദുബായ്: ഇന്നിങ്‌സ് വിജയത്തിന് 27 റണ്‍സ് അകലെ ധോണിപ്പടയോട് പരാജയം സമ്മതിച്ച് കൊല്‍ക്കത്ത. ഇതോടെ ഐപിഎല്‍ 14-ാം സീസണില്‍ നാലാം തവണയും ചെന്നൈ സൂപ്പര്‍ കിങ്‌സ് കപ്പില്‍ മുത്തമിട്ടു. 193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ കൊല്‍ക്കത്തക്ക് മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഓപ്പണര്‍മാര്‍ പുറത്തായതോടെ തകര്‍ച്ച നേരിട്ടു.
11-ാം ഓവറിലാണ് കെകെആറിന് ആദ്യവിക്കറ്റ് നഷ്ടമാവുന്നത്. അര്‍ധശതകം നേടിയ വെങ്കടേഷ് അയ്യര്‍ പുറത്താവുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 97 എന്ന നിലയിലായിരുന്നു. 91ന് 1 എന്ന നിലയില്‍ നിന്ന് ടീം 125ന് 8 എന്ന നിലയിലേക്ക് കൂപ്പുകുത്തി. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടാനേ കൊല്‍ക്കത്തക്ക് സാധിച്ചുള്ളൂ. ചെന്നൈക്കായി ശാര്‍ദുല്‍ താക്കൂര്‍ 38 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ഹേസല്‍വുഡും രവീന്ദ്ര ജഡേജയും 2 വീതം വിക്കറ്റുകളും വീഴ്ത്തി.
ബാറ്റിങിന് ഇറങ്ങിയവരെല്ലാം തിളങ്ങിയപ്പോള്‍ ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്തക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍. അര്‍ധശതകം നേടിയ ഓപ്പണര്‍ ഫാഫ് ഡുപ്ലെസിയാണ് ഇന്നിങ്‌സിന് അടിത്തറ പാകിയത്. റിതുരാജ് ഗെയ്ക്വാദുമായി ഡുപ്ലെസി 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 27 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയാണ് ഗെയ്ക്വാദ് പുറത്തായത്. പിന്നീട് വന്ന റോബിന്‍ ഉത്തപ്പയും വെടിക്കെട്ട് ബാറ്റിങാണ് കാഴ്ച വെച്ചത്. 15 പന്തില്‍ നിന്ന് മൂന്ന് സിക്‌സറടക്കം ഉത്തപ്പ 31 റണ്‍സെടുത്തു. 59 പന്തില്‍ നിന്ന് 86 റണ്‍സുമായി ഡുപ്ലെസി പുറത്താവാതെ നിന്നു. മോയിന്‍ അലി 20 പന്തില്‍ 37 റണ്‍സ് നേടി. 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് ചെന്നൈ നേടിയത്.
മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകകയായിരുന്നു. ക്വാളിഫയര്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇരുടീമുകളും കളിച്ചത്. ക്വാളിഫയറില്‍ ഡെല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിലെത്തയത്. കഴിഞ്ഞ സീസണില്‍ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമായിരുന്നു ചെന്നൈ. എന്നാല്‍ ഇത്തവണ അടിമുടി മാറിയ ടീം ഗംഭീര പ്രകടനമാണ് നടത്തുന്നത്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയും ടീമിന് വലിയ മുതല്‍ക്കൂട്ടാണ്.
ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആകട്ടെ ഇന്ത്യയില്‍ നടന്ന ആദ്യഘട്ടത്തില്‍ ഏഴാം സ്ഥാനത്തായിരുന്നു. എന്നാല്‍ യുഎഇയില്‍ കളിമാറി. ഒരുകൂട്ടം യുവതാരങ്ങളാണ് കെകെആറിന്റെ കരുത്ത്. പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്ന ടീം പ്ലേ ഓഫില്‍ രണ്ട് വിജയവുമായാണ് ഫൈനലിലെത്തിയത്. എലിമിനേറ്ററില്‍ ആര്‍സിബിയെയും രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെയുമാണ് കെകെആര്‍ പരാജയപ്പെടുത്തിയത്.