സ്‌കോപ്‌ജെ: നോര്‍ത്ത് മാസിഡോണിയയെ 4-0 ത്തിനു തകര്‍ത്ത് ജര്‍മനി 2022 ഫുട്‌ബോള്‍ ലോകകപ്പിനു യോഗ്യത നേടുന്ന ആദ്യ രാജ്യമായി. നോര്‍ത്ത് മാസിഡോണിയയുടെ സ്വന്തം ടോസെ പ്രോസെസ്‌കി അരീനയില്‍ നടന്ന മത്സരത്തില്‍ ജര്‍മനിക്കു വേണ്ടി ടിമോ വെര്‍ണര്‍ ഇരട്ട ഗോളുകളും കായ് ഹാവ്‌ററ്റ്‌സ്, കൗമാര താരം ജാമല്‍ മുസിയാല എന്നിവര്‍ ഓരോ ഗോളുമടിച്ചു. ജെ ഗ്രൂപ്പില്‍ എട്ട് കളികളില്‍നിന്ന് 21 പോയിന്റ് നേടിയാണു ഹാന്‍സി ഫ്‌ളിക്കിന്റെ ശിഷ്യന്‍മാര്‍ മുന്നേറിയത്.
രണ്ടാം സ്‌ഥാനത്തുള്ള റൊമാനിയയ്‌ക്കു 13 പോയിന്റാണ്. മറ്റൊരു മത്സരത്തില്‍ റൊമാനിയ 1-0 ത്തിന് അര്‍മീനിയയെ തോല്‍പ്പിച്ചതോടെ ജര്‍മനി ലോകകപ്പില്‍ ഒരു സ്‌ഥാനം പിടിച്ചു. രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ കൂടി ശേഷിക്കേയാണു ജര്‍മനിയുടെ മുന്നേറ്റം. സ്വന്തം തട്ടകത്തില്‍ തങ്ങളെ 2-1 ന് അട്ടിമറിച്ച നോര്‍ത്ത് മാസിഡോണിയയെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ജര്‍മനിക്കായി.
നാല് ഗോളുകളും പിറന്നതു രണ്ടാം പകുതിയിലാണ്. ഒന്നാം പകുതിയില്‍ പലതവണ അവസരങ്ങള്‍ ലഭിച്ചെങ്കിലും ജര്‍മനിക്ക് ഗോളടിക്കാനായില്ല. 50-ാം മിനിറ്റില്‍ ഹാവ്‌ററ്റ്‌സിലൂടെ ജര്‍മനി മുന്നിലെത്തി. 70, 73 മിനിറ്റുകളില്‍ ഗോളടിച്ച് വെര്‍ണര്‍ ജയം ഉറപ്പിച്ചു. പകരക്കാരനായി എത്തിയ 18 വയസുകാരന്‍ മുസിയാല 83-ാം മിനിറ്റില്‍ നാലാം ഗോളുമടിച്ചു. ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറിന്റെ കരിയറിലെ 46-ാം ക്ലീന്‍ ഷീറ്റായിരുന്നു അത്.
ജി ഗ്രൂപ്പില്‍ ഹോളണ്ട് 6-0 ത്തിനു ജിബ്രാള്‍ട്ടാറിനെ തോല്‍പ്പിച്ചു.
സ്വന്തം നാട്ടില്‍ നടന്ന മത്സരത്തിന്റെ 82 ശതമാനം സമയത്തും പന്ത് ഡച്ച് താരങ്ങളുടെ പക്കലായിരുന്നു. മെംഫിസ് ഡിപായ് ഇരട്ട ഗോളുകളടിച്ച് ഹോളണ്ടിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചു. അതോടെ യോഗ്യതാ മത്സരങ്ങളില്‍ ഡിപായ് ഒന്‍പത് ഗോളുകള്‍ കുറിച്ചു. വിര്‍ജില്‍ വാന്‍ ഡൈക്ക്, ഡിപായ് എന്നിവര്‍ ഒന്നാം പകുതിയില്‍ ഗോളടിച്ചപ്പോള്‍ ഡെന്‍സില്‍ ഡംഫ്രിസ്,അര്‍നോട്ട് ഡാഞ്ചുമ, ഡോനിയല്‍ മാലെന്‍ എന്നിവര്‍ രണ്ടാം പകുതിയില്‍ ഗോളടിച്ചു.
എട്ട് കളികളില്‍നിന്നു 19 പോയിന്റ് നേടിയ ഹോളണ്ടാണ് ഗ്രൂപ്പില്‍ ഒന്നാമത്. മോണ്ടെനെഗ്രോയോടേയും നോര്‍വേയോടുമാണു ബാക്കിയുള്ള മത്സരങ്ങള്‍. കോച്ച് ലൂയിസ് വാന്‍ ഗാലിന്റെ കീഴില്‍ ഹോളണ്ടിന്റെ തുടര്‍ച്ചയായ നാലം ജയമാണിത്.