രാജ്യത്തെ ഊർജ്ജ പ്രതിസന്ധി തീരുന്നതായി കേന്ദ്രം;കൽക്കരി നീക്കത്തിന് കൂടുതൽ ട്രെയിനുകൾ

ന്യൂഡെൽഹി: രാജ്യത്തെ ഊർജ്ജ പ്രതിസന്ധി തീരുന്നതായി കേന്ദ്രം. കൽക്കരി നീക്കത്തിന് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥനങ്ങൾക്ക് പ്രതിദിനം രണ്ടു ലക്ഷം ടൺ കൽക്കരി നൽകുമെന്നാണ് പ്രഖ്യാപനം. കോൾ ഇന്ത്യക്ക് സംസ്ഥാനങ്ങൾ നൽകേണ്ട കുടിശ്ശിക ഉടൻ നൽകണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

പ്രതിദിന കൽക്കരി ഖനനം അടുത്ത അഞ്ച് ദിവസം കൊണ്ട് 1.94 മില്യൺ ടണ്ണിൽ നിന്ന് 2 മില്യൺ ടണ്ണായി ഉയർത്തുമെന്ന് സർക്കാർ ശ്രോതസ്സുകളെ ഉദ്ധരിച്ച് എഎൻഐ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇനി രണ്ടോ മൂന്നോ ദിവസത്തെ കൽക്കരി മാത്രമേ ഉള്ളൂ എന്ന് ചില സംസ്ഥാനങ്ങൾ പറയുമ്പോഴും പ്രതിസന്ധിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ കേന്ദ്രത്തിന്റെ വിശദീകരണം. ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തിൽ ഇടപെട്ടു. കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും ഊർജ്ജ മന്ത്രി ആർകെ സിംഗും പ്രധാനമന്ത്രിയെ കണ്ടു.

യോഗത്തിൽ കൽക്കരി ഊർജ്ജ സെക്രട്ടറിമാർ കൽക്കരി എത്രത്തോളം ലഭ്യമാണെന്ന വിശദാംശം അറിയിച്ചു. കൽക്കരി ആവശ്യത്തിന് സംഭരിക്കണം എന്ന കേന്ദ്ര നിർദ്ദേശം പല സംസ്ഥാനങ്ങളും തള്ളുകയാണെന്ന് പ്രഹ്ലാദ് ജോഷി ആരോപിച്ചു. പ്രതിസന്ധി എങ്ങനെയും തീർക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.