ഇന്ത്യ ഉൾപ്പെടെ 96 രാജ്യങ്ങളിലെ 33 ലക്ഷം സാമ്പത്തിക അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്ത് വിട്ട് സ്വിസ് ബാങ്ക്

ന്യൂഡെൽഹി: ഇന്ത്യ ഉൾപ്പെടെ 96 രാജ്യങ്ങളിലെ 33 ലക്ഷം സാമ്പത്തിക അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്ത് വിട്ട് സ്വിസ് ബാങ്ക്. ഇതിലൂടെ ഇന്ത്യൻ പൗരൻമാരുടെ സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രാജ്യത്തിന് വീണ്ടും ലഭിച്ചു. സ്വിറ്റ്‌സർലാൻഡുമായി ഏർപ്പെട്ടിട്ടുള്ള ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇൻഫർമേഷൻ നയപ്രകാരമാണ് വിവരങ്ങൾ ലഭിച്ചത്.

ഇത്തരത്തിൽ ഇന്ത്യൻ പൗരന്മാരുടെ സാമ്പത്തിക വിവരങ്ങൾ രാജ്യത്തിന് ലഭിക്കുന്നത് മൂന്നാമത്തെ പ്രാവശ്യമാണ്. കരാർ പ്രകാരം ഘട്ടം ഘട്ടമായാണ് അക്കൗണ്ട് വിവരങ്ങൾ കൈമാറുക. ഇത്തവണ ലഭിച്ച വിവരങ്ങളിൽ രാജ്യത്ത് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ കണക്കിൽ കവിഞ്ഞ പണത്തിന്റെ വിവരങ്ങളും വിദേശ രാജ്യങ്ങളിൽ ഇവർ വാങ്ങിക്കൂട്ടിയ ഫ്‌ളാറ്റുകൾ, അപ്പാർട്ട്‌മെന്റുകൾ, വിമാനങ്ങൾ എന്നിവയുടെ കണക്കുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഇന്ത്യയുൾപ്പെടെ 96 രാജ്യങ്ങളിലെ 33 ലക്ഷം സാമ്പത്തിക അക്കൗണ്ടുകളുടെ വിവരങ്ങളാണ് സ്വിറ്റ്‌സർലാൻഡ് ഇതിനോടകം പുറത്തുവിട്ടിരിക്കുന്നത്. സാമ്പത്തിക വിവരങ്ങളുടെ നാലാം ഘട്ട കൈമാറൽ അടുത്ത വർഷം സെപ്റ്റംബറിലാണ് നടക്കുക. 2019 സെപ്റ്റംബറിലായിരുന്നു ആദ്യമായി വിവരങ്ങൾ ഇന്ത്യയ്‌ക്ക് നൽകിയത്. കേന്ദ്ര സർക്കാർ 2014 മുതൽ നടത്തുന്ന ശക്തമായ ഇടപെടലുകളെ തുടർന്നാണ് സാമ്പത്തിക വിവരങ്ങൾ കൈമാറാൻ സ്വിറ്റ്‌സർലാൻഡ് തയ്യാറായത്.