തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ പ്രഥമ റാങ്ക് ലിസ്റ്റ് പിഎസ് സി പ്രസിദ്ധീകരിച്ചു. ജനറല്‍ വിഭാഗത്തിലെ ആദ്യ അഞ്ച് റാങ്കുകളില്‍ നാലെണ്ണവും വനിതകള്‍ക്കാണ്. ഒന്നാം സ്ട്രീമില്‍ മാലിനി എസിനാണ് ഒന്നാം റാങ്ക്. നന്ദന പിള്ള രണ്ടാം റാങ്ക് നേടിയപ്പോള്‍ ഗോപിക ഉദയന്‍, ആതിര എസ് വി, ഗൗതമന്‍ എം യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി. നേരിട്ട് ജോലിയില്‍ പ്രവേശിക്കുന്നവരാണ് ഒന്നാം സ്ട്രീമില്‍ ഉള്‍പ്പെടുന്നത്.
രണ്ടാം സ്ട്രീമില്‍ അഖില ചാക്കോ, ജയകൃഷ്ണന്‍ കെജി എന്നിവരാണ് ആദ്യ രണ്ട് റാങ്കുകളില്‍. 29 സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നോണ്‍ ഗസറ്റഡ് തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് രണ്ടാം സ്ട്രീമില്‍ ഉള്‍പ്പെടുന്നത്. സ്ട്രീം മൂന്നില്‍ അനീഷ് കുമാര്‍, അജീഷ് കെ എന്നിവര്‍ ആദ്യ രണ്ട് റാങ്കുകള്‍ നേടി. സര്‍ക്കാര്‍ സര്‍വ്വീസിലെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ വിഭാഗമാണിത്.
ഒരു വര്‍ഷം കാലാവധിയുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് 105 തസ്തികകളിലേയ്ക്കാണ് നിയമനം നല്‍കുക. സിവില്‍ സര്‍വീസിനു സമാനമായി സംസ്ഥാന സര്‍ക്കാര്‍ ഭരണ സര്‍വീസിനായി നടപ്പാക്കുന്ന സംവിധാനമാണ് കെഎസഎസ്. ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ടാം ഗസറ്റഡ് പദവിയിലേയ്ക്കാണ് ആദ്യനിയമനം നല്‍കുന്നത്.
റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് പിഎസ് സി ചെയര്‍മാന്‍ എംകെ സക്കീര്‍ പറഞ്ഞു. 105 ഒഴിവുകളാണ് ഉള്ളത്. പട്ടികയില്‍ 122 പേര്‍ ഇടംനേടിയിട്ടുണ്ട്. ഐഎഎസിനു തുല്യമായ പരിശീലനമാണ് ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ലഭ്യമാകുക. സിവില്‍ സര്‍വീസിനുള്ള ഫീഡര്‍ വിഭാഗമായാണ് ഈ പദവിയെ കണക്കാക്കുന്നത്. 576243 പേര്‍ പരീക്ഷയെഴുതിയതില്‍ നിന്ന് 852 പേരെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നു. ഇതില്‍ നിന്നാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.