ലണ്ടന്‍: ഫൈസര്‍, ബയോഎന്‍ടെക് കൊറോണ വാക്സിനുകളുടെ പ്രതിരോധശേഷി വേഗത്തില്‍ ക്ഷയിക്കുന്നതായി പഠന റിപ്പോര്‍ട്ട്. വാക്സിന്‍ സ്വീകരിച്ച് മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ വാക്‌സിനേഷന്‍ വഴി ലഭിച്ച പ്രതിരോധ ശേഷിയില്‍ കുറവ് വരുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ വാക്സിന്‍ മൂലമുള്ള സംരക്ഷണം പുരുഷന്മാരേക്കാള്‍ കൊടുത്താല്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും പഠനം പറയുന്നു.
പ്രതിരോധശേഷി കുറയുന്ന സാഹചര്യത്തിൽ വീണ്ടും ഭീതി നിറയുകയാണ്. ബൂസ്റ്റര്‍ വാക്സിന്‍ തന്നെ അത്യാവശ്യമെന്നാണ് പഠനം പറയുന്നത്. കൊറോണ വാക്സിന്റെ രണ്ടാമത്തെ ഡോസ് നല്‍കിയതിന് ശേഷമുള്ള ആറ് മാസങ്ങളില്‍ സംരക്ഷണ ആന്റിബോഡികളുടെ അളവ് ശരീരത്തില്‍ തുടര്‍ച്ചയായി കുറഞ്ഞുവരുന്നതായി പഠനം കണ്ടെത്തി. 5000 ഇസ്രേയലി ആരോഗ്യ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്.
ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ആന്റിബോഡിയുടെ അളവ് ആദ്യം കൂടിയ നിലയില്‍ തന്നെ കുറയുകയും പിന്നീട് മിതമായ നിരക്കില്‍ അത് തുടരുകയുമാണ് ചെയ്യുന്നതെന്ന് പഠനം കണ്ടെത്തി.
കൊറോണ വൈറസ് അണുബാധ, ഗുരുതരമായ രോഗം, മരണം എന്നിവ തടയാന്‍ ആവശ്യമായ ആന്റിബോഡികളുടെ നിര്‍ണായക പരിധി തിരിച്ചറിയാന്‍ ലോകമെമ്പാടുമുള്ള ഗവേഷകര്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളായ ഗിലി റെഗെവ്-യോച്ചായ് പറഞ്ഞു. അത്തരം പഠനങ്ങള്‍ വിവിധ ഗ്രൂപ്പുകളുടെ അപകടസാധ്യത നിലകളും അവരെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളും വിലയിരുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.