ന്യുഡെല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതിയിൽ കേരളത്തില്‍ നിന്നുള്ള ശോഭ സുരേന്ദ്രന്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരെ ഒഴിവാക്കി. പകരം കുമ്മനം രാജശേഖരന്‍, വിമുരളീധരന്‍ എന്നിവരെ ഉള്‍പ്പെടുത്തി. ഇ.ശ്രീധരന്‍ പ്രത്യേക ക്ഷണിതാവാകും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് പുതിയ 80 അംഗ നിര്‍വാഹക സമിതി അംഗങ്ങളുടെ പട്ടിക ഇന്ന് പുറത്തുവിട്ടത്.
പി.കെ കൃഷ്ണദാസിനേയും പ്രത്യേക ക്ഷണിതാവാക്കിയപ്പോള്‍ എ.പി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായും ടോം വടക്കന്‍ വക്താവായും തുടരും. ഒ.രാജഗോപാലിനെയും നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രായാധിക്യത്തെ തുടര്‍ന്നാണ് ഒഴിവാക്കലെന്നാണ് റിപ്പോര്‍ട്ട്.. പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് ശോഭ സുരേന്ദ്രനെ ഒഴിവാക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. സംസ്ഥാന നേതൃത്വത്തിനൊപ്പമാണ് ദേശീയ നേതൃത്വവുമെന്ന സൂചനയുമാണ് നിര്‍വാഹക സമിതി പുനഃസംഘടനയിലൂടെ ദേശീയ നേതൃത്വം പ്രകടിപ്പിക്കുന്നത്.
ദേശീയ നിര്‍വാഹക സമിതിയില്‍ 80 അംഗങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ നിര്‍വാഹക സമിതിയില്‍ അംഗങ്ങളാണ്. 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളുമുണ്ട്.