ന്യൂഡെൽഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി കെടി റമീസിന്റെ കരുതൽ തടങ്കലിനെതിരേ സഹോദരൻ കെടി റൈഷാദ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. റമീസ് ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ കരുതൽ തടങ്കൽ നിയമവിരുദ്ധമാണെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.
തീവ്രവാദിയെന്ന് പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റസമ്മതം നടത്തിച്ചതെന്ന് റമീസിനുവേണ്ടി ഹാജരായ അഭിഭാഷകൻ മനോജ് ജോർജ് കോടതിയെ അറിയിച്ചു. യുഎഇയുമായുള്ള രാജ്യാന്തര ഉടമ്പടി പാലിക്കുന്നതിന്റെ ഭാഗമായാണ് കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായ അറ്റാഷെയ്ക്കെതിരേ നടപടി എടുക്കാത്തത്. നയതന്ത്ര പരിരക്ഷയുള്ള സഹകുറ്റവാളി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ റമീസിനെ കരുതൽ തടങ്കലിൽ വച്ചിരിക്കുന്നതെന്നും അഭിഭാഷകൻ വാദിച്ചു.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടയിലാണ് സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയായ റമീസിനെ കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിൽ വയ്ക്കാൻ കഴിഞ്ഞ നവംബറിൽ ഉത്തരവിറങ്ങിയത്. ഇതിനെതിരേ റൈഷാദ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹേബിയസ് കോർപസ് ഹർജി തള്ളിയിരുന്നു.
കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചും, ഭീഷണപ്പെടുത്തിയും ലഭിച്ച കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പുറപ്പെടിവിച്ച കരുതൽ തടങ്കൽ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റൈഷാദ് സുപ്രീം കോടതിയെ സമീപിച്ചത്.