ന്യൂഡെൽഹി: രാജ്യത്തെ മുൻ ആദായ നികുതി ചീഫ് കമ്മീഷണർക്കും ഐ ആർ എസ് ഉദ്യോഗസ്ഥനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് പാൻഡോര പേപ്പറിൽ വെളിപ്പെടുത്തൽ. നാഫെഡ് അഡീഷണൽ മാനേജിങ് ഡയറക്ടർ ആയിരുന്ന ഹോമി രാജ് വൻശിന്റെയും ആദായ നികുതി ചീഫ് കമ്മീഷണറായിരുന്ന സുശീൽ ഗുപ്തയുടെയും നിക്ഷേപ വിവരമാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്.
ഇരുവർക്കും ബ്രിട്ടീഷ് വിർജിൻ ദ്വീപിൽ കമ്പനികൾ ഉണ്ടെന്നാണ് വെളിപ്പെടുത്തൽ. ഹോമിരാജ് വൻശിനെ അനധികൃത ഇടപാടുകളെ തുടർന്ന് സിബിഐയും ഇഡിയും അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. മുംബൈ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ നിരഞ്ജൻ ഹിരണൻദാനിക്കും വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. നിരഞ്ജൻ ബ്രിട്ടീഷ് വിർജിൻ ദ്വീപിലെ മൂന്ന് കമ്പനികളിൽ റിസർവ് ഡയറക്ടർ ആണ്. മകൻ ദർശൻ ഹിരൺദാനി 25 കമ്പനികളിൽ ഡയറക്ടർ ആണ്.
പ്രമുഖ അഭിഭാഷകനും ബിസിനസ് ഇന്ത്യ മാഗസിൻ സഹസ്ഥാപകനുമായ ഹിരൂ അദ്വാനിക്കും ഭാര്യക്കും സെഷൽസിലും ബ്രിട്ടീഷ് വിർജിൻ ദ്വീപിലും കമ്പനികൾ ഉണ്ട്. ആൻട്രിക്സ് ഡയമണ്ട്സ് ഉടമകൾക്ക് വിദേശത്ത് കള്ളപ്പണം നിക്ഷേപത്തിനായി കമ്പനി ശൃംഖലയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പൊതു മേഖല ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത 500 കോടിയോളം രൂപ ഇവർ തിരിച്ചടക്കാൻ ഉണ്ട്. വജ്ര വ്യാപാര കമ്പനിയായ ‘റോസി ബ്ലൂ’ വിന്റെ ഉടമകൾക്കും വിദേശത്ത് നിക്ഷേപം ഉണ്ട്. ഇവർക്ക് കള്ളപ്പണ നിക്ഷേപം ഉള്ളത് കുക്ക് , ചാനൽ ദ്വീപുകളിൽ ആണ്.