അടൂർ: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ്. കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ആശുപത്രിക്കെതിരെ കേസെടുത്തത്.
വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഇതിനു ശേഷം വൈകിട്ട് കലയുടെ ഭർത്താവ് ജയകുമാറിനെ ഒരു തവണ മാത്രം കാണിച്ചു. അപ്പോൾ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബസുക്കളെ ആരേയും കാണിച്ചിരുന്നില്ല.
വെള്ളിയാഴ്ച രാത്രിയിൽ കലയ്ക്ക് അസ്വസ്ഥതകൾ ഉണ്ടായതായി ആശുപത്രി അധികൃതർ ശനിയാഴ്ച പുലർച്ചെ ജയകുമാറിനോട് പറഞ്ഞു. ഡോക്ടർ പരിശോധന നടത്തിയെന്നും ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും അറിയിച്ചു. എന്നാൽ 5.30-ന് കലയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വിവരം അറിയിച്ചുവെന്നും അവിടെ നിന്നും മെഡിക്കൽ സംഘം ഉൾപ്പെടുന്ന ഐസിയു ആംംബുലൻസ് വരുമെന്നും അവിടേക്ക് മാറ്റണമെന്നും അറിയിച്ചു.
രണ്ടു മണിക്കൂറിനു ശേഷവും വാഹനം എത്താതായതോടെ ബന്ധുക്കൾ ആശുപത്രി അധികൃതരുമായി വീണ്ടും ബന്ധപ്പെട്ടു. തുടർന്ന് സമീപത്തുള്ള സാധാരണ ആംബുലൻസാണ് എത്തിയത്. ബന്ധുക്കളുടെ നിർബന്ധപ്രകാരം ആശുപത്രിയിൽ നിന്നും ഒരു ഡോക്ടറും നഴ്സും കൂടി കൊല്ലത്തെ ആശുപത്രിയിലേക്ക് കലയ്ക്കൊപ്പം പോയി. ശനിയാഴ്ച രാവിലെ 10.30-ന് വില്ലേജ് ഓഫീസർ മരണപ്പെട്ടതായി കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ശസ്ത്രക്രിയയിലെ പിഴവല്ല മരണകാരണമെന്നാണ് അടൂരിലെ സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നത്. ഇടയ്ക്കുവെച്ചുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് ഇടയാക്കിയതെന്നും വില്ലേജ് ഓഫീസറെ വിദഗ്ദ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള സഹായം ചെയ്തെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധന നടന്നു. കലയുടെ മക്കൾ: ഐശ്വര്യ (മീനു), അക്ഷയ് (കണ്ണൻ).