അബുദാബി: ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറിക്ക് മറുപടി യശസ്വി ജെയ്സ്വാളിന്റെയും ശിവം ദുബെയുടെയും ഇടിവെട്ട് അരസെഞ്ചുറികൾ. ചെന്നൈ ഉയർത്തിയ റൺമല രാജകീയമായി കീഴടക്കി രാജസ്ഥാൻ. 190 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്ന റോയൽസ് ഏഴു വിക്കറ്റ് ജയം സ്വന്തമാക്കി. തകർത്തടിച്ച ജയ്സ്വാളും (50) ദുബെയുമാണ് (64) രാജസ്ഥാന്റെ വിജയ ശിൽപ്പികൾ.
വമ്പൻ സ്കോർ പിന്തുടർന്ന രാജസ്ഥാന് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ഇവിൻ ലൂയിസും (27) ജയ്സ്വാളും ആദ്യ ഓവർ മുതൽ അടിതുടങ്ങി. ചെന്നൈയെ തലങ്ങും വിലങ്ങും പ്രഹരിച്ച ഓപ്പണിംഗ് സഖ്യം 32 പന്തിൽ 77 റൺസാണ് അടിച്ചെടുത്തത്. ഇരുവരും അടുത്തടുത്ത് പുറത്തായെങ്കിലും രാജസ്ഥാൻ പേടിച്ചില്ല. പിന്നാലെയെത്തിയ ദുബെ ക്യാപ്റ്റൻ സഞ്ജുവിനെ (28) സാക്ഷിയാക്കി തകർത്തടിച്ചു.
ഇരുവരും ചേർന്ന് 58 പന്തിൽ 89 റൺസ് ആണ് കൂട്ടിച്ചേർത്തത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ സഞ്ജുവിന്റെ സംഭാവന 24 റൺസ് മാത്രമായിരുന്നു. സഞ്ജു പുറത്താകുമ്പോൾ രാജസ്ഥാൻ വിജയതീരത്തോട് അടുത്തിരുന്നു. ഗ്ലേൻ ഫിലിപ്സ് (14) കൂടുതൽ വിക്കറ്റ് നഷ്ടം സംഭവിക്കാതെ ഉറപ്പാക്കിയ വിജയം വേഗത്തിലാക്കി.
നേരത്തെ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറി കരുത്തിലാണ് ചെന്നൈയ്ക്കു 190 റൺസ് വിജയലക്ഷ്യം കുറിച്ചത്. അവസാന ഓവറിലെ അവസാന പന്ത് സിക്സർ പറത്തി സെഞ്ചുറി തികച്ച ഗെയ്ക്വാദായിരുന്നു (101) ചെന്നൈയുടെ കരുത്ത്. 60 പന്തിൽ അഞ്ച് സിക്സും ഒൻപത് ഫോറും അടങ്ങുന്നതായിരുന്നു ഗെയ്ക്വാദിന്റെ ഇന്നിംഗ്സ്.
അവസാന ഓവറുകളിൽ ഗെയ്ക്വാദിനൊപ്പം തകർത്തടിച്ച രവീന്ദ്ര ജഡേജയാണ് (15 പന്തിൽ 32) ചെന്നൈ സ്കോർ റോക്കറ്റ് വേഗത്തിലുയർത്തിയത്. മുസ്താഫിസുർ എറിഞ്ഞ അവസാന ഓവറിൽ ജഡേജയും ഗെയ്ക്വാദും ചേർന്ന് 22 റൺസ് ആണ് അടിച്ചെടുത്തത്. ഡുപ്ലസി (25), സുരേഷ് റെയ്ന (3), മോയിൻ അലി (21), അമ്പാട്ടി റായിഡു (2) എന്നിവരെ രാജസ്ഥാന് തളയ്ക്കാനായെങ്കിലും ഗെയ്ക്വാദ് തകർത്തടിച്ചതോടെ ചെന്നൈ വൻസ്കോർ സ്വന്തമാക്കി.