വായ്പാക്കുരുക്കിൽ കേരളം; കടവും പലിശയും കൊടുത്താൽ ഖജനാവ് കാലി

തിരുവനന്തപുരം: വരുമാന തകർച്ചയിൽ കേരളം കൂപ്പുകുത്തുമ്പോൾ കടമെടുപ്പാണ് ഖജനാവിനെ താങ്ങി നിർത്തുന്നത്. കൊറോണ പ്രതിസന്ധികാലത്ത്മാത്രം കേരളമെടുത്ത വായ്പ അമ്പതിനായിരം കോടിയാണ്. ഇന്നത്തെ കടം നാളത്തെ ബാധ്യതായാകുമ്പോൾ വരുമാനത്തിൽ നിന്നും കേരളത്തിന് നീക്കിവെക്കേണ്ടി വരുക ഇപ്പോഴത്തെതിലും ഇരട്ടി പണമായിരിക്കും.

തലക്ക് മീതെ വെള്ളമെങ്കിൽ അതിന് മേലെ തോണി ഇതായിരുന്നു മുൻ സർക്കാരുകളുടെ ലൈൻ. എന്നാൽ തുടർഭരണം വന്നപ്പോൾ സ്ഥിതി ഇതല്ല. ഇന്നത്തെ ചെലവുകൾക്കും ഇന്നലത്തെ ബാധ്യതകൾക്കും പരാതികൾ ഉയർത്താൻ പോലുമാകാതെ പിൻഗാമികൾ വഴികാണേണ്ട സ്ഥിതിയാണിപ്പോൾ.

മൂന്ന് ശതമാനമായിരുന്ന കേരളത്തിന്‍റെ വായ്പാ പരിധി കൊറോണ പ്രതിസന്ധിയിൽ 2020-ൽ കേന്ദ്രം നാലര ശതമാനമാക്കി ഉയർത്തി. എന്നാൽ ഈ സാമ്പത്തിക വർഷത്തിൽ കടമെടുപ്പ് ആനുകൂല്യങ്ങൾ വീണ്ടും കുറഞ്ഞു.

കഴിഞ്ഞ ആഴ്ച എടുത്ത 1500 കോടി വായ്പ തികയാതെ വീണ്ടും 2000 കോടി വായ്പ എടുക്കാൻ ഒരുങ്ങുകയാണ് കേരളം. മുമ്പത്തെ കടബാധ്യതകളിൽ വർഷം 20000 കോടി രൂപ വായ്പാ തിരിച്ചടവിന് മാത്രം വേണം. വായ്പകൾ തിരച്ചടക്കാനും വായ്പ തന്നെ ആശ്രയം. വിത്തെടുത്ത് കുത്തി എത്രനാൾ മുന്നോട്ട് പോകും എന്നതാണ് ഉയരുന്ന ചോദ്യം.