അഭിഷേക് നിതിനയെ കൊലപ്പെടുത്തിയത് മുന്‍നിശ്ചയപ്രകാരം; പേപ്പര്‍ കട്ടറില്‍ പുതിയ ബ്ലേഡിട്ടു; അമ്മയെ ഭീഷണിപ്പെടുത്തി

പാലാ: കോളേജ് കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കൊലപ്പെടുത്തിയത് മുന്‍നിശ്ചയിച്ച പ്രകാരമെന്ന് പൊലീസ് നിഗമനം. പെണ്‍കുട്ടിയെ കൊലപ്പെടുത്തണം എന്ന് ഉദ്യേശിച്ചിരുന്നില്ല എന്നാണ് പ്രതിയായ അഭിഷേക് ബൈജു മൊഴി നല്‍കിയത്. അതേസമയം നിതിനയെ കൊലപ്പെടുത്താനായി ഉപയോഗിച്ച പേപ്പര്‍ കട്ടറില്‍ പുതിയ ബ്ലേഡ് ഇട്ടതായും പൊലീസ് കണ്ടെത്തി. ഇതിനായി അഭിഷേക് ഒരാഴ്ച മുമ്പ് കൂത്താട്ടുകുളത്തെ ഒരു കടയില്‍നിന്നും പുതിയ ബ്ലേഡ് വാങ്ങിയിരുന്നു. പഴയ ബ്ലേഡിന് മൂര്‍ച്ഛ പോരെന്ന് തോന്നിയതിനാലാണ് പുതിയ ബ്ലേഡ് വാങ്ങിയതെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

നിതിന അഭിഷേകുമായി അകല്‍ച്ചയിലായിരുന്ന സമയം നിതിനയുടേയും അമ്മയുടേയും ഫോണിലേക്ക് ഭീഷണി സന്ദേശങ്ങളും ഇയാള്‍ അന്വേഷിച്ചിരുന്നു. അസഭ്യം പറഞ്ഞതായുള്ള വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി അഭിഷേക് ബൈജുവിനെ ശനിയാഴ്ച പാലാ സെന്റ് തോമസ് കേളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. അടുത്ത ദിവസങ്ങളില്‍ കൂത്താട്ടുകുളത്ത കടയിലത്തിച്ചും തെളിവെടുപ്പ് നടത്തിയേക്കും.

കോട്ടയെ മെഡിക്കല്‍ കോളേജിലാണ് നിതിനയുടെ പോസ്റ്റ്മാര്‍ട്ടം നടക്കുക. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്റെ സംഘം പോസ്റ്റ്മാര്‍ട്ടത്തിന് നേതൃത്വം നല്‍കും.പോസ്റ്റുമാര്‍ട്ടം നടപടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കും. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം തലയോലപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. അവിടെ കൂടുതല്‍ സൗകര്യം ഇല്ലാത്തതിനാല്‍ തുറവേലിക്കുന്നിലെ ബന്ധുവീട്ടിലായിരിക്കും സംസ്‌ക്കാരം നടക്കുക.

ഇന്നലയാണ് പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനി നിതിന മോളെ സഹപാഠി കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയ്ക്കല്‍ അഭിഷേക് ബൈജു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കോളേജ് ക്യാമ്പസില്‍ വെള്ളിയാഴ്ച രാവിലെ 11.25-നായിരുന്നു സംഭവം.

മൂന്നാംവര്‍ഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ഥികളായിരുന്നു ് ഇരുവരും. വെള്ളിയാഴ്ച അവസാന സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയുമായി സംസാരിച്ച് നില്‍ക്കവെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി അമര്‍ത്തിപ്പിടിച്ച് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവംകണ്ട് ഓടിയെത്തിയ വിദ്യാര്‍ഥികളും സുരക്ഷാജീവനക്കാരും കോളേജ് അധികൃതരെ വിവരമറിയിച്ചു. നിതിനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.