ചണ്ഡീഗഡ്: നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ വീണ്ടും രാജി പ്രഖ്യാപനങ്ങള്‍ തുടരുന്നു. രണ്ട് മന്ത്രിമാര്‍ അടക്കം നിരവധി പാര്‍ട്ടി നേതാക്കളാണ് സിദ്ദുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥാനം രാജിവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രശ്‌നങ്ങള്‍ അവസാനിക്കാത്തത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
ഇന്നലെയാണ് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സിദ്ദു സ്ഥാനം ഒഴിഞ്ഞത്. തൊട്ടുപിന്നാലെ മന്ത്രി റാസിയ സുല്‍ത്താനയും രാജിവെച്ചു. സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് റാസിയയുടെ രാജി പ്രഖ്യാപനം. പിന്നാലെ മറ്റൊരു മന്ത്രിയായ പര്‍ഗത് സിങ്ങും രാജിവയ്ക്കുകയായിരുന്നു.
ഇരുവര്‍ക്കും പിന്നാലെ മൂന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി പദവികള്‍ രാജിവച്ചു. യോഗീന്ദര്‍ ദിന്‍ഗ്ര സംസ്ഥാന പാര്‍ട്ടി ഘടകം ജനറല്‍ സെക്രട്ടറി സ്ഥാനവും, ഗുല്‍സാര്‍ ഇന്ദര്‍ ചഹല്‍ പാര്‍ട്ടി ഖജാന്‍ജി സ്ഥാനവും , ഗൗതം സേത്ത് ജനറല്‍ സെക്രട്ടറി സ്ഥാനവുമാണ് രാജിവെച്ചത്.
സിദ്ദുവിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അമരീന്ദര്‍ സിങ് രംഗത്തെത്തി. സിദ്ദു സ്ഥിരതയില്ലാത്ത വ്യ്ക്തിയാണെന്നാണ് അമരീന്ദറിന്റെ പ്രതികരണം. ഇത് താന്‍ നേരത്തെ പറഞ്ഞതാണെന്നും അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിന് ഒട്ടും യോജിച്ച ആളല്ല സിദ്ദുവെന്നും അമരീന്ദര്‍ പ്രതികരിച്ചു. സിദ്ദു- അമരീന്ദര്‍ പോരിനൊടുവിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നത്. സിദ്ദുവിന്റെ പാക്കിസ്ഥാന്‍ ബന്ധം ഇന്ത്യക്ക് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം അമരീന്ദര്‍ പറഞ്ഞിരുന്നു.
അതേസമയം പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള സിദ്ദുവിന്റെ രാജി നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് സമവായത്തിലെത്തിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം നല്‍കിയ നിര്‍ദേശം. സിദ്ദുവിന്റെ രാജി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദവും ഉയരുന്നുണ്ട്.
ബിജെപി തട്ടകത്തിലായിരുന്ന സിദ്ദു നാല് വര്‍ഷം മുന്‍പാണ് നാടകീയമായി പഞ്ചാബ് കോണ്‍ഗ്രസിലേക്ക് എത്തിയത്. അതിന് പിന്നാലെ തന്നെ അമരീന്ദറുമായി അഭിപ്രായവിത്യാസവും ഉണ്ടായി. രാജിക്ക് ശേഷം താന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന് സിദ്ദു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ആം ആംദ്മിയിലേക്ക് ചേക്കെറുമെന്ന അഭ്യൂഹങ്ങളും ശ്കതമാണ്.
അടുത്തിടെ സിദ്ദു ഡെല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ ഏറെ പ്രശംസിച്ചതാണ് ഇത്തരത്തില്‍ സംശയങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ആം ആദ്മി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലേക്ക് എത്തുന്നുണ്ട്. ഇതോടെയാണ് സിദ്ദു ആം ആദ്മിയില്‍ ചേരുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.