Home National കനയ്യ കുമാറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

കനയ്യ കുമാറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

0

ന്യൂഡെല്‍ഹി: സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ഡെല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് കനയ്യയും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധിക്ക് ഒപ്പം കനയ്യയുടെ കൂടി ചിത്രം ഉള്‍പ്പെടുത്തിയുള്ളതാണ് പോസ്റ്റര്‍. പാര്‍ട്ടിയില്‍ ചേരുന്ന കനയ്യ കുമാര്‍ജിയ്ക്ക് ഹാര്‍ദ്ദവമായ സ്വാഗതമെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

നേരത്തെ തന്നെ കനയ്യ പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ശനിയാഴ്ച ജിഗ്നേഷ് മേവാനി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്. താനും കനയ്യയും ഭഗത് ദിനമായ സെപ്റ്റംബര്‍ 28 ന് കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2019 ല്‍ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ബേഗുസുരായിയില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.അതേസമയം പാര്‍ട്ടി വിടാതിരിക്കാന്‍ കനയ്യ സി പി ഐയ്ക്ക് മുന്നില്‍ ഡിമാന്റുകള്‍ വെച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഞായറാഴ്ച സി പി ഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ബീഹാറില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ കനയ്യയെ കണ്ടിരുന്നുവെങ്കിലും കൂടിക്കാഴ്ച്ച ഫലം ചെയ്തില്ല. ആ കൂടിക്കാഴ്ചയില്‍ തന്നെ സംസ്ഥാന സെക്രട്ടറിയാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനാക്കണമെന്നും കനയ്യ ആവശ്യപ്പെട്ടതായി പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here