കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സൺ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇയാള്‍ക്ക് മതിയായ ചികിത്സകള്‍ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.അഞ്ച് ദിവസത്തേക്കാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
താന്‍ നിരപരാധിയാണെന്നും തന്റെ അറസ്റ്റ് നിയമപരമല്ലെന്നും വാദിച്ചാണ് മോണ്സണ് ജാമ്യപേക്ഷ നല്‍കിയത്. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു. എച്ച്എസ്ബിസി ബാങ്കിന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. വ്യാജ അക്കൗണ്ട് എങ്ങനെ ഉണ്ടാക്കി, ഇതിനായി ഉപയോഗിച്ച ഹാര്‍ഡ് വെയര്‍ എന്നിവ കണ്ടത്തേണ്ടതുണ്ട്.
മോന്‍സന്റെ വീട്ടില്‍ നിന്ന് നിരവധി ഇലക്ട്രോണിക് ഉപകരങ്ങളും പിടിച്ചടുത്തിട്ടുണ്ട്. ഇവ പരിശോധിക്കണമെന്നും തട്ടിപ്പിന്റെ വ്യാപ്തി അറിയണമെങ്കില്‍ അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. എന്നാൽ മൂന്നു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
അതേസമയം മോണ്സൺ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വനംവകുപ്പും കസ്റ്റംസും ചൊവ്വാഴ്ച റെയ്ഡ് നടത്തി. ഇയാളുടെ പുരാവസ്തുശേഖരത്തെക്കുറിച്ചും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. പത്ത് വാഹനങ്ങള്‍ വിദേശ രജിസ്ട്രേഷനിലുള്ളതാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.