ന്യൂഡെൽഹി: അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ചൈന. യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് എട്ടിടങ്ങളിൽ ചൈന സൈനികർക്കായുള്ള ടെന്‍റുകള്‍ നിർമ്മിച്ചാണ് അനധികൃത നീക്കം നടത്തിയിരിക്കുന്നത്. കൂടുതൽ വ്യോമതാവളങ്ങൾ ചൈന ഒരുക്കുന്നെന്ന റിപ്പോർട്ടും പുറത്തുവന്നു.
ഗൽവാനിലെ ഇന്ത്യ-ചൈന സംഘർഷത്തിന് ഒന്നര വർഷത്തിന് ശേഷവും ഉന്നതതല ചർച്ചകൾ പലവട്ടം നടന്നെങ്കിലും അതിർത്തിയിലെ സ്ഥിതിയിൽ മാറ്റമില്ല. പാങ്കോംഗ് തടാകത്തിന്‍റെ രണ്ട് തീരത്ത് നിന്നും നേരത്തെ സൈന്യത്തെ പിൻവലിച്ചിരുന്നു. ദോഗ്രയിൽ നിന്ന് പിൻമാറ്റത്തിനും ധാരണയായി. എന്നാൽ ഈ പിൻമാറ്റം ഇപ്പോഴും മന്ദഗതിയിലാണ്.
കമാൻഡർതല ചർച്ചയിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ചൈന തയ്യാറായിട്ടില്ല. ഇതിനിടെയാണ് എട്ടിടത്ത് കൂടി ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പുറത്ത് വരുന്നത്. വഹാബ്സിൽഗ, ചാങ് ല, മൻസ, ചുരൂപ്, ഹോട്ട്സ്പ്രിംഗ് തുടങ്ങി ഇടങ്ങളിലാണ് ചൈനീസ് പട്ടാളത്തിനായുള്ള കൂടാരങ്ങളും മറ്റ് നിർമ്മാണങ്ങളും ദൃശ്യമാകുന്നത്.
യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് ചെറു വ്യോമതാവളങ്ങളുടെയും ഹെലിപാഡുകളുടെയും നിർമ്മാണവും ചൈന തുടരുന്നു എന്നാണ് സൂചന. തല്‍ക്കാലം പിന്മാറ്റത്തിന് ചൈനീസ് സേന തയ്യാറല്ല എന്ന സന്ദേശമാണിത്. സംഘർഷാവസ്ഥ തുടരുന്നുവെന്നതിൻ്റെ സൂചനയായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേ സമയം ജമ്മുവിലെ ഉറിയിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയെ ഒരു ലഷ്കര്‍ ഇ തോയ്ബ ഭീകരനെ പിടികൂടിയതായി കരസേന. നുഴഞ്ഞു കയറിയ മറ്റൊരു ഭീകരനെ വധിച്ചു. പാകിസ്ഥാനിലെ പഞ്ചാബില്‍ നിന്നുള്ള 19 കാരനായ ഭീകരനെയാണ് സൈന്യം പിടികൂടിയത്. ഏഴ് ദിവസത്തിനിടെ ഏഴ് ഭീകരരെ വധിക്കാനായതായും സൈന്യം അറിയിച്ചു. പാകിസ്ഥാൻ സൈന്യത്തിന്‍റെ പിന്തുണയില്ലാതെ ഇത്രയും ഭീകരർ നുഴഞ്ഞു കയറില്ലെന്ന് മേജർ ജനറല്‍ വീരേന്ദ്ര വാട്സ് പറഞ്ഞു.