തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന് 2020ല്‍ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് വിവരം. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറയും എഡിജിപി ആയിരുന്ന മനോജ് എബ്രഹാമും മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ബെഹ്റ 2019 മെയ് 22 നാണ് രഹസ്യാന്വേഷണത്തിന് സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയത്.
ഇന്റലിജന്‍സ് അന്വേഷണ റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. “മോന്‍സണിന്റെ ഇടപാടുകളില്‍ വലിയ ദുരൂഹതയുണ്ട്. ഉന്നതരായ ഒട്ടേറെ പേരുമായി ഇയാൾ ബന്ധം പുലർത്തുന്നു. പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസ്. ഇതിന്റെ വിൽപ്പനക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസൻസ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിദേശത്തടക്കം ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി എന്‍ഫോഴ്‌സമെന്റിനോട് അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായോ എന്നതില്‍ വ്യക്തതയില്ല. അന്വേഷണം നടക്കാത്തതിന് പിന്നില്‍ മോന്‍സണിന്റെ ഇടപെടല്‍ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും പുതിയ സാഹചര്യത്തില്‍ സംശയമുയരുന്നു.
മോൻസണെ കുറിച്ചന്വേഷിക്കണമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഇന്റലിജൻസ് വിഭാഗത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാൽ രഹസ്വാന്വേഷണ റിപ്പോർട്ട് പൊലീസിന്റെ പക്കലുണ്ടായിരുന്നപ്പോഴും മോൻസ് ഇതറിയാതെ തന്റെ തട്ടിപ്പുകൾ തുടർന്നുവെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.
അതേസമയം മോൻസൺ മാവുങ്കലിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പ്രമുഖർ, പോലീസ് ഉന്നതർ അടക്കമുള്ളവർ മോൻസൺ മാവുങ്കലുമായി ചേർന്ന് നിൽക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നു. മന്ത്രിമാർ പോലീസ് ഉദ്യോഗസ്ഥർ മറ്റു ഉന്നത സ്ഥാനത്തിരിക്കുന്നവർ തുടങ്ങി നിരവധി പേരുമായി ഇദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു എന്നാണ് വിവരം.
ഉന്നത സ്ഥാനത്തിരിക്കുന്നവരെ വീട്ടിലേക്ക് ക്ഷണിക്കുക, പുരാവസ്തുശേഖരം എന്ന് അവകാശപ്പെടുന്ന വസ്തുക്കൾ കാണിച്ച് ഞെട്ടിക്കുക, അവരുടെ ഫോട്ടോകളെടുത്ത് പിന്നീട് തട്ടിപ്പിന് ഉപയോഗിക എന്നതായിരുന്നു രീതി. ഉന്നത ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതിനാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിലിരിക്കുന്ന സിംഹാസനത്തിൽ ഇരിക്കുന്ന ലോക്നാഥ് ബെഹ്റ, തൊട്ടടുത്ത് രാജകീയ വാളുമായി നിൽക്കുന്ന എഡിജിപി മനോജ് എബ്രഹാം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടേയും ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സമ്പന്നനാണെന്ന് കാണിക്കാൻ വേണ്ടി കോടികൾ വിലമതിക്കുന്ന കാറുകളായിരുന്നു ഇയാൾ ഉപയോഗിച്ചിരുന്നത്. ആർക്കും ഒരു സംശയം തോന്നാത്ത രീതിയിലായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്.
ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും തന്റെ കൂടെ ഉണ്ട് എന്ന് വിശ്വസിപ്പിച്ചു കൊണ്ടായിരുന്നു പണം കൈകക്കലാക്കാൻ ശ്രമിച്ചിരുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് മോൻസൺന്റെ മറ്റു രാഷ്ട്രീയ ബന്ധങ്ങളും ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങളും ഇപ്പോൾ ചർച്ചയാകുന്നത്.
കെ സുധാകരനുമായി മോൻസണ് അടുത്ത ബന്ധമുണ്ടെന്നും സുധാകരനെ ചുകിത്സിച്ചത് മോൻസണായിരുന്നു എന്നായിരുന്നു പരാതിക്കാരനായ ഷെമീർ ആരോപിക്കുന്നത്. കോസ്മെറ്റിക് ചികിത്സയിൽ എംഡി ബിരുദം ഉണ്ട് എന്നായിരുന്നു ഇയാൾ വിശ്വസിപ്പിച്ചിരുന്നത്.
സ്വന്തം പ്രചാരണത്തിന് വേണ്ടി മന്ത്രിമാരുടെ ചിത്രങ്ങളും മോൻസൺ ഉപയോഗിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരുമായുള്ള ചിത്രങ്ങൾ ഇയാൾ ഉപയോഗിച്ചുവെന്നും റോഷി അഗസ്റ്റിന് പണം നൽകിയാൽ ഇടുക്കിയിലുള്ള റോഡ് കരാർ നൽകുമെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരൻ ഷെമീർ പറയുന്നു.
നിരവധി നേതാക്കൾ മോൻസൺ ജോൺസിന്റെ വീട്ടിൽ നിത്യ സന്ദർശകരായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രമുഖരുടേയും സാന്നിധ്യത്തിലാണ് മോൻസൺ ഇക്കാര്യങ്ങളൊക്കെ പറയുന്നത്. അത് കൊണ്ട് തന്നെ ഇയാളുടെ വാക്കുകളിൽ വിശ്വാസത്തിലെടുത്തുവെന്നാണ് പരാതിക്കാരൻ്റെ വാദഗതി.
പ്രമുഖരായ നടി നടന്മാരുടെ കൂടെ മോൻസൺ നിൽക്കുന്ന ചിത്രങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. രാഷ്ട്രീയ പോലീസ് ഉന്നതബന്ധങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് ഇയാൾ ഇത്രയും കാലം തട്ടിപ്പ് നടത്തിയത്.