കോഴിക്കോട്: കരിപ്പൂരിലെ സ്വർണ്ണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റില്‍. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി കുടുക്കിൽ പൊയിൽ ഇജാസ്നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നമ്പറില്ലാത്ത കാറിൽ സഞ്ചരിക്കുകയായിരുന്ന ഇജാസിനെ താമരശ്ശേരിയിൽ നിന്നും പിടികൂടിയത്. ചോദ്യം ചെയ്യലിൽ സംഭവ ദിവസം താമരശ്ശേരിയിൽ നിന്നും വന്ന സ്വർണ്ണകടത്ത് സംഘത്തോടൊപ്പം താനും ഉണ്ടായിരുന്നെന്ന് ഇജാസ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
സംഭവ ദിവസം ആർജുൻ ആയങ്കി വന്ന വാഹനത്തെ പിന്തുടർന്നതായും തുടർന്ന് പാലക്കാട് സംഘം വന്ന ബൊലീറോ അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ടെന്നും ഇജാസ് പൊലീസിനോട് സമ്മതിച്ചു. ഇയാളിൽ നിന്നും താമരശ്ശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. ഇജാസിനും സംഘത്തിനും രക്ഷപ്പെടുന്നതിന് വാഹനം കൈമാറിയ ആളുകളും ഒളിവിൽ കഴിയാൻ സഹായം നൽകിയതുൾപ്പെടെ സൗകര്യങ്ങൾ ചെയ്തു നൽകിയ ആളുകൾ നിരീക്ഷണത്തിലാണ്.
ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വോഷണ സംഘം. അർജ്ജുൻ ആയങ്കിയെ അപായപ്പെടുത്താൻ ടിപ്പർ ലോറിയടക്കം ഉള്ള വാഹനങ്ങളുമായി എത്തിയത് ഇജാസുൾപ്പെട്ട സംഘമായിരുന്നു. 80 ഓളം പേർ സംഭവ ദിവസം വിവിധ വാഹനങ്ങളിലായി എയർപോർട്ടിൽ വന്നതായും തിരിച്ചറിയുന്നതിന് വാഹനങ്ങളിൽ സ്റ്റിക്കറും എല്ലാവർക്കും പ്രത്യേക തരം മാസ്കും വിതരണം ചെയ്തത് ഇവരുൾപ്പെട്ട സംഘമാണെന്നും അറിവായിട്ടുണ്ട്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 47 ആയി. കേസുമായി ബന്ധപ്പെട്ട് പതിനെട്ടോളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ഒളിവിൽ കഴിയാനുള്ളതും, വാടകക്ക് വാഹനങ്ങൾ നൽകിയതടക്കമുള്ള സൗകര്യങ്ങൾ ചെയ്തു വരുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അന്വോഷണ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം കൊടുവള്ളി സംഘത്തിലെ പ്രതികൾക്ക് ബാംഗ്ലൂരിൽ ഒളിവിൽ കഴിയാൻ താമസ സൗകര്യം ചെയ്തു കൊടുത്ത ചിന്നൻ ബഷീർ എന്നയാളെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റു ചെയ്തിരുന്നു.
കൂടാതെ കൊടിയത്തൂർ സ്വർണ്ണ കടത്ത് സംഘത്തിന് ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തു കൊടുത്തതിന് അലി ഉബൈറാൻ എന്നയാളേയും അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്, കൊണ്ടോട്ടി ഡി.വൈ.എസ്.പി. അഷറഫ് എന്നിവരുടെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.