കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മുന്‍ ഗോവ മുഖ്യമന്ത്രി ലുസിഞ്ഞോ ഫലേറോ ത്രിണമൂലിലേക്ക്

പനാജി: ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലുസിഞ്ഞോ ഫലേറോ കോണ്‍ഗ്രസുമായുള്ള നാല്‍പ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ലുസിഞ്ഞോ ഫലേറോ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരാനൊരുങ്ങുന്നതായി ആണ് സൂചന. ഇത് ചര്‍ച്ചയാകുന്നതിനിടെ ഫലേറോ എം എല്‍ എ സ്ഥാനം രാജിവെക്കുകയും ചെയ്തു. എന്നാല്‍ താന്‍ കോണ്‍ഗ്രസ് ആശയങ്ങള്‍ ഉപേക്ഷിക്കുകയില്ലെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

നവേലിം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എയായ ലുസിഞ്ഞോ ഫലേറോ ഗോവ അസംബ്ലി സ്പീക്കര്‍ രാജേഷ് പട്‌നേക്കറിനാണ് രാജി സമര്‍പ്പിച്ചത്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ മുതിര്‍ന്ന നേതാവിന്റെ നീക്കം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫലേറോയുടെ രാജി സ്വീകരിച്ചതായി സ്പീക്കര്‍ പ്രതികരിച്ചു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് ഫലേറോ എംഎല്‍എ സ്ഥാനം രാജിവെച്ചതെന്നതാണ് ശ്രദ്ധേയം. മമതാ ബാനര്‍ജി മോദിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയെന്നും മമതയുടെ തന്ത്രം ബംഗാളില്‍ വിജയം കണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം താന്‍ കോണ്‍ഗ്രസ് വിടില്ലെന്നും കോണ്‍ഗ്രസ് കുടുംബത്തില്‍ തന്നെ ഉണ്ടാകുമെന്നുമാണ് ഫലേറോയുടെ പ്രതികരണം. കോണ്‍ഗ്രസ് കുടുംബത്തെ സംസ്ഥാനത്തും രാജ്യത്തും കെട്ടിപ്പടുക്കുന്നതിന് പ്രവര്‍ത്തിക്കുന്നതിനായാണ് എംഎല്‍എ സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോണ്‍ഗ്രസ് ആരുടെയെങ്കിലും ഒരാളുടേതല്ലെന്നും മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിലുണ്ടായ ഒരു പ്രസ്ഥാനമാണെന്നും ഫലേറോ പറയുന്നു.

കോണ്‍ഗ്രസ് കുടുംബം ഇന്ന് വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ഗോവ മുന്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ്, എന്‍സിപി നേതാവ് ശരത് പവാര്‍ എന്നിവരുടേതായ കോണ്‍ഗ്രസും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം സംസ്ഥാനത്ത് ഭരണത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് മുതിര്‍ന്ന നേതാവിന്റെ നാടകീയ നീക്കങ്ങള്‍.