വിദേശത്ത് നിന്ന് എത്തി വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയി; സംഭവത്തിൽ ദുരൂഹത

മലപ്പുറം: വിദേശത്ത് നിന്ന് എത്തി വീട്ടിലേക്ക് പോകുകയായിരുന്ന യുവാ വിനെ വഴിയിൽ വച്ച് സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയി. കാളികാവ് ചോക്കാട് സ്വദേശി പുത്തലത്ത് വീട്ടിൽ റാഷിദിനെ(27) യാണ് വാഹനം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയത്. മഞ്ചേരി പട്ടർകുളത്തിന് സമീപത്ത് വെച്ചാണ് സംഭവം. രണ്ടു ദിവസം മുമ്പ് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ശേഷം കോഴിക്കോട് താമസിച്ചുവരികയായിരുന്നു റാഷിദ്.

ബുധനാഴ്ച നാട്ടിലേയ്‌ക്ക് പോകുന്നതിനായി വാഹനവുമായി മഞ്ചേരിയിൽ എത്താൻ ബന്ധുക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഭാര്യപിതാവ് അടക്കമുള്ളവർ കാത്തുനിൽക്കുകയും ചെയ്തു. യുവാവ് മഞ്ചേരി എത്തുന്നതിന് രണ്ട് കിലോമീറ്റർ മുൻപായി വാഹനം അപകടത്തിൽപെട്ടതായി റാഷിദ് ബന്ധുക്കളെ വിവരം അറിയിച്ചു.

വിവരം അറിഞ്ഞയുടൻ അപകട സ്ഥലത്തെത്തിയ ഭാര്യപിതാവ് അടക്കമുള്ളവർ വാഹനത്തിൽ നിന്നും സാധനങ്ങൾ മാറ്റി. ഇതേ സമയം രണ്ട് വാഹനങ്ങളിലായെത്തിയ ഒരുസംഘം ആളുകൾ റാഷിദിനെ തട്ടികൊണ്ട് പോവുകയായിരുന്നു.
അതേ സമയം തട്ടിക്കൊണ്ട് പോകുന്നതിന് മുൻപായി ബന്ധുക്കൾ എത്തിയതും സാധനങ്ങൾ പൂർണയായി മാറ്റിയതിലും ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

ഭാര്യാപിതാവ് അടക്കമുള്ള ബന്ധുക്കൾ പോലീസ് കസ്റ്റഡിയിലാണ്. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്. റാഷിദ് സഞ്ചരിച്ചിരുന്ന വാഹന ഡ്രൈവറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്വർണകടത്തുമായി തട്ടികൊണ്ട് പോകലിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.