സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനുള്ള വിശദമായ മാര്‍ഗരേഖ ഒക്ടോബര്‍ നാലിനുള്ളിൽ; യോഗങ്ങള്‍ നാളെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനുള്ള വിശദമായ മാര്‍ഗരേഖ ഒക്ടോബര്‍ നാലിന് മുന്‍പ് തയ്യാറാക്കും.

ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെ പ്രധാന യോഗങ്ങള്‍ നാളെ ആരംഭിക്കും. മന്ത്രിമാരുമായും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും മാര്‍ഗരേഖയ്ക്ക് അന്തിമ രൂപം നല്‍കുക.

കുട്ടികളെ സ്‌കൂളിലേക്കെത്തിക്കുക, ക്ലാസ് മുറികളിലെ ഇരിപ്പട സജ്ജീകരണം തുടങ്ങി നിരവധി കാര്യങ്ങളില്‍ വ്യക്തവരുത്തുന്നതാവണം മാര്‍ഗരേഖ. ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം, സിറോ സര്‍വെയുടെ ഫലം എന്നിവ നിര്‍ണായകമാണ്.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ഒരു അദ്ധ്യാപകന്‍ സ്‌കൂള്‍ സേഫ്ടി ഓഫീസര്‍ ആയിരിക്കും.

കുറച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും കൊറോണ വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അത് മുന്‍കൂട്ടി കണ്ടുകൊണ്ടാവണം പ്രവര്‍ത്തനം. അതുകൊണ്ടാണ് അദ്ധ്യാപകര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കിയത്.