കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം

അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആവേശകരമായ വിജയം. 172 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ അവസാനപന്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ ഐപിഎല്ലില്‍ ചെന്നൈയുടെ എട്ടാം വിജയമാണിത്.

തകര്‍ത്തടിച്ച രവീന്ദ്ര ജഡേജയുടെ ഉജ്ജ്വല ബാറ്റിങാണ് ചെന്നൈയ്ക്ക് വിജയമൊരുക്കിയത്. ഈ വിജയത്തോടെ ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചു. സ്‌കോര്‍

അവസാന രണ്ടോവറില്‍ ജയിക്കാന്‍ 26 റണ്‍സാണ് ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്‌സും രണ്ട് ഫോറും നേടിക്കൊണ്ട് ജഡേജ കളി ചെന്നൈയ്ക്ക അനുകൂലമാക്കി. അവസാന ഓവറില്‍ ചെന്നൈയുടെ ലക്ഷ്യം വെറും നാല് റണ്‍സായി ചുരുങ്ങി. എന്നാല്‍ അവസാന ഓവറില്‍ ജഡേജയെയും സാം കറനെയും പുറത്താക്കി സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തില്‍ വിജയറണ്‍ കുറിച്ച് ദീപക് ഹാചര്‍ ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചു. എട്ട് പന്തില്‍ നിന്നും 22 റണ്‍സെടുത്ത ജഡേജയാണ് കളിയുടെ ഗതി മാറ്റിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ശ്രദ്ധയോടെയാണ് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസ്സിയും കളിച്ചുതുടങ്ങിയത്. മോശം പന്തുകള്‍ കണ്ടെത്തി പ്രഹരിച്ച ഇരുവരും 5.4 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. രണ്ടുപേരും ഒപ്പത്തിനൊപ്പം നിന്നാണ് ചെന്നൈയ്ക്ക് വേണ്ടി പോരാടിയത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് ആണ് കണ്ടെത്തിയത്.ആദ്യ രണ്ട് കളിയില്‍ മികവ് കാണിച്ച വെങ്കടേഷ് അയ്യര്‍ക്ക് അധിക സമയം ക്രീസില്‍ നില്‍ക്കാനായില്ല. 15 പന്തില്‍ നിന്ന് 3 ബൗണ്ടറികളുടെ അകമ്പടിയോടെ 18 റണ്‍സ് നേടി വെങ്കടേഷ് അയ്യര്‍ മടങ്ങി.

ശുഭ്മാന്‍ ഗില്‍ 9 റണ്‍സില്‍ നില്‍ക്കെ റണ്‍ഔട്ട് ആവുകയായിരുന്നു. രാഹുല്‍ ത്രിപദി 33 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സും പറത്തി 45 റണ്‍സ് നേടി. നിതീഷ് റാണ 33 റണ്‍സോടെ പുറത്താവാതെ നിന്നു. റസല്‍ 20 റണ്‍സും ദിനേശ് കാര്‍ത്തിക് 26 റണ്‍സും നേടി.

ബ്രാവോയ്ക്ക് പകരം ചെന്നൈ നിരയിലേക്ക് എത്തിയ സാം കറാനാണ് കൂടുതല്‍ തല്ലുവാങ്ങിയത്. നാല് ഓവറില്‍ 56 റണ്‍സ് വഴങ്ങിയ കറാന് ഒരു വിക്കറ്റും വീഴ്ത്താനായില്ല. ഹെയ്‌സല്‍വുഡും ശാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.