ഭുവനേശ്വര്‍: കുത്തൊഴുക്കില്‍ പെട്ട കൊമ്പനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ദുരന്തനിവാരണ സേനയ്ക്കൊപ്പം പോയ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ബോട്ട് മറിഞ്ഞു മരിച്ചു. ഒഡിയ ചാനലായ ഒടിവിയുടെ റിപ്പോര്‍ട്ടര്‍ അരിന്ദം ദാസ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിഡിയോ ജേണലിസ്റ്റ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒഡീഷയില്‍ കനത്തമഴയെ തുടര്‍ന്ന് മഹാനദിയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ പെട്ട കൊമ്പനെ രക്ഷിക്കാനാണ് ദുരന്ത നിവാരണ സേനാംഗങ്ങള്‍ ബോട്ടില്‍ പോയത്. ഇവര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ശക്തമായ ഒഴുക്കില്‍ ഇവരുടെ ബോട്ടു മറിയുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. അരിന്ദം ഉള്‍പ്പെടെയുള്ളവര്‍ നീന്തി കരയ്ക്കെത്തിയെങ്കിലും അവശനിലയില്‍ ആയിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ മുണ്ടാലിയിലാണ് സംഭവം. കൊമ്പനാന ഒലിച്ചുപോയത് അറിഞ്ഞ് രക്ഷിക്കാനെത്തിയതാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പത്തംഗ സംഘം. മുണ്ടാലി പാലത്തിന് സമീപമാണ് കൊമ്പനാനയെ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. കൊമ്പനാനയുടെ ചിന്നംവിളി കേട്ട് പ്രദേശവാസികളാണ് ദുരന്ത നിവാരണ സേനയെ അറിയിച്ചത്.
ആനക്കൂട്ടത്തില്‍ നിന്ന് കൊമ്പനാന കൂട്ടം തെറ്റുകയായിരുന്നു. പുഴ മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുത്തൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഒലിച്ചുപോയ ആന പാലത്തിന് സമീപം കുടുങ്ങി കിടക്കുന്നതാണ് ദൗത്യസംഘം കണ്ടത്.
ഒഡിഷയിലെ ഒട്ടേറെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുള്ള റിപ്പോര്‍ട്ടറാണ് അരിന്ദം. ‘ഗ്രൗണ്ട് സീറോ’ റിപ്പോര്‍ട്ടര്‍ ആയാണ് അറിയപ്പെട്ടിരുന്നത്.